കണ്ണൂര്‍ കോര്‍പ്പറേഷന്‍: ഡെപ്യൂട്ടി മേയര്‍ രാജിവെച്ചു; അവിശ്വാസ പ്രമേയം ഒഴിവായി

Monday 13 June 2016 10:59 pm IST

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിക്കും മുമ്പ് ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ തല്‍സ്ഥാനം രാജിവെച്ചു. വരണാധികാരി കൂടിയായ ജില്ല കളക്ടര്‍ അടുത്ത ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കാനുള്ള തീയ്യതി പിന്നീട് അറിയിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനായി ചേരാന്‍ നിശ്ചയിച്ച യോഗം മാറ്റിവെച്ചു. ഇന്നലെ രാവിലെ 10.40 ഓടെയാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ജെ.കുര്യന് മുസ്ലിം ലീഗ് അംഗമായ സമീര്‍ രാജിക്കത്ത് നല്‍കിയത്. എല്‍ഡിഎഫിലെ എന്‍.ബാലകൃഷ്ണന്‍ നല്‍കിയ അവിശ്വാസ പ്രമേയം വോട്ടിനിടാനുളള എല്ലാ നടപടിക്രമങ്ങളും കോര്‍പ്പറേഷനില്‍ പൂര്‍ത്തിയായിരുന്നു. ഇതിനിടയിലാണ് രാജി. 55 അംഗങ്ങളുളള കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 സീറ്റുകള്‍ വീതം ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷിന്റെ പിന്തുണ നിര്‍ണായകമായി. മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച രാഗേഷ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതേത്തുടര്‍ന്ന് എല്‍ഡിഎഫിനും യുഡിഎഫിനും തുല്യവോട്ട് ലഭിച്ചു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിലെ സമീര്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.