ശ്രീനാരായണ ഗുരുദേവന്‍ സമാനതകളില്ലാത്ത വിശ്വഗുരു: ഗവര്‍ണര്‍

Tuesday 14 June 2016 11:11 am IST

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ‘ഗുരുസാഗരം’ പുസ്തകം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് സദാശിവം പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: സമാനതകളില്ലാത്ത വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച കേരളകൗമുദി ലേഖകന്‍ സജീവ് കൃഷ്ണന്റെ ‘ഗുരുസാഗരം’ പുസ്തകം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലാതിവര്‍ത്തിയായ ഗുരുദേവ ദര്‍ശനം ആധുനിക സാമൂഹിക ചുറ്റുപാടില്‍ ഏറെ ആവശ്യമാണ്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ‘ എന്ന ദര്‍ശനത്തിലൂടെ ഗുരുദേവന്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം കേരളത്തിലെന്നല്ല, ലോകത്തെവിടെയും മറ്റൊരു പ്രവാചകനോ സാമൂഹിക പരിഷ്‌കര്‍ത്താവിനോ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സാമൂഹിക വളര്‍ച്ചയ്ക്കു തടസമായി നില്‍ക്കുന്ന നിരക്ഷരതയുടെ ഇരുട്ടും അജ്ഞതയുടെ വിപത്തും ഇല്ലാതാക്കാനാണ് വിദ്യാഭ്യാസത്തിന് ഗുരു ഊന്നല്‍ നല്‍കിയത്. കേരളത്തിന്റെ മാറ്റത്തിനുള്ള ശക്തമായ ആഹ്വാനമായി മാറിയ അരുവിപ്പുറം പ്രതിഷ്ഠ, ധീരനായ ഒരു ഋഷിവര്യന്‍ മാനവ സമൂഹത്തിന് നല്‍കിയ ഏറ്റവും ക്രിയാത്മക സന്ദേശമായിരുന്നു. അന്നു നിലനിന്നിരുന്ന സാമൂഹിക അനീതിക്കെതിരായ ധീരവും സമാധാനപരവുമായ പ്രതികരണമായിരുന്നു അത്. നദിയുടെ ആഴത്തില്‍ നിന്ന് ഗുരുദേവന്‍ ഉയര്‍ത്തിയെടുത്ത ശിവലിംഗം പില്‍ക്കാലത്ത് കേരളത്തിന്റെ ഭാവി രൂപപ്പെടുത്തിയ സ്വതന്ത്ര-രാഷ്ട്രീയ ചിന്തകളുടെ ആധാര ശിലയായി. സ്വയം തിരിച്ചറിവാണ് പരമാനന്ദത്തിലേക്കുള്ള താക്കോലെന്ന ഗുരു ദര്‍ശനം നാം മറക്കരുത്. ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന് വിശേഷിപ്പിക്കാവുന്ന ഗുരുദേവന്റെ ചിന്തകളും ദര്‍ശനവുമാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നത്. മനുഷ്യന്‍ സ്വയം അറിയാനും നന്നാവാനും വേണ്ടിയാണ് ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി ആദ്യപ്രതി സ്വീകരിച്ചു.

ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭരണ പരിഷ്‌കരണ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് മുഖ്യ പ്രഭാഷണം നടത്തി. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍, ബിജു പുളിക്കലേടത്ത്, ഗ്രന്തകര്‍ത്താവ് സജീവ് കൃഷ്ണന്‍, കെ.ആര്‍. സരിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.