ന്യൂദല്‍ഹി: പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കാന്‍ കേന്ദ്ര നിര്‍ദേശം. ഖാദി വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഖാദി യൂണിഫോമിലേക്ക് മാറണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നിര്‍ദേശം നടപ്പിലാകുമ്പോള്‍ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ പെട്രോള്‍ പമ്പുകളിലെ ജീവനക്കാരാവും ഖാദി യൂണിഫോം ധരിക്കേണ്ടിവരിക.
പെട്രോളിയം മന്ത്രാലയം കൂടാതെ ഉത്തരാഖണ്ഡിലെ തപാല്‍ വകുപ്പ്, ദല്‍ഹി പോലീസ്, പ്രതിരോധമന്ത്രാലയം എന്നീ വകുപ്പുകളിലും ഖാദി യൂണിഫോം നിര്‍ബന്ധമാക്കുന്ന കാര്യവും കേന്ദ്രത്തിന്റെ പരിഗണനയിലാണ്.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ഖാദി ഉപയോഗിച്ചുള്ള വസ്ത്രം ധരിക്കണമെന്നുള്ള പദ്ധതി നടപ്പിലാകുന്നതോടെ ഖാദി വ്യവസായ മേഖല മികച്ച പുരോഗതി നേടുമെന്ന് ഖാദി ഗ്രാമ വ്യവസായ കമ്മീഷന് ചെയര്മാന് വിനയ്കുമാര്‍ സക്നേന പറഞ്ഞു. ഈ പദ്ധതി ഖാദി മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: