ബിജെപിയുടെ മുന്നേറ്റം തുറന്ന് സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ്

Tuesday 14 June 2016 11:20 am IST

കൊല്ലം: ദലിത്-ആദിവാസി ജനവിഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ അസംബ്ലി തെരഞ്ഞെടുപ്പോടെ ബിജെപിക്കും എന്‍ഡിഎക്കും സാധിച്ചതായി കെപിസിസി എക്‌സിക്യൂട്ടിവ് അംഗം പി.രാമഭദ്രന്‍. കേരളത്തില്‍ ജനസംഖ്യയുടെ ഏകദേശം 18 ശതമാനം വരുന്ന ഈ ജനവിഭാഗത്തിന്റെ പിന്തുണ ഇരുമുന്നണികള്‍ക്കും നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം കണക്കുകള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി. കേരള ദളിത് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ പി.രാമഭദ്രന്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ ശക്തമായാണ് വിമര്‍ശിക്കുന്നത്. കേരളത്തിലെ 16 സംവരണ മണ്ഡലങ്ങളിലെ വോട്ടിംഗ് നിലവാരം പരിശോധിക്കുമ്പോള്‍ എന്‍ഡിഎ വന്‍മുന്നേറ്റമാണ് നേടിയത്. ഇവിടങ്ങളില്‍ 2011ല്‍ യുഡിഎഫ് 8,90,526 വോട്ടും എല്‍ഡിഎഫ് 9,86,541 വോട്ടും ബിജെപി 94,823 വോട്ടുമാണ് നേടിയത്. എന്നാല്‍ 2016ല്‍ യുഡിഎഫ് 8,56,964 വോട്ടും എല്‍ഡിഎഫ് 10,71,912 വോട്ടും എന്‍ഡിഎ 3,51,542 വോട്ടും നേടിയിട്ടുണ്ട്. യുഡിഎഫിന് 2011 നേക്കാള്‍ 33,562 വോട്ടിന്റെ കുറവുണ്ട്. അതായത് 4 ശതമാനം. എല്‍ഡിഎഫിന് 2011 നേക്കാള്‍ 85,371 (8 ശതമാനം) വോട്ട് അധികം ലഭിച്ചു. എന്നാല്‍ 2011ല്‍ ബിജെപിക്ക് ലഭിച്ച വോട്ടിനേക്കാള്‍ എന്‍ഡിഎക്ക് 2,56,719 (270 ശതമാനം) വോട്ട് അധികം ലഭിച്ചു. എല്‍ഡിഎഫ് ഭരണത്തിലേറിയെങ്കിലും സംവരണമണ്ഡലങ്ങളില്‍ എന്‍ഡിഎക്കുണ്ടായ വന്‍കുതിച്ചുചാട്ടം കാണാതിരിക്കാനാകില്ലെന്നും ബിഡിജെഎസിന്റെ വരവ് ദലിത്-പിന്നാക്കവിഭാഗങ്ങളെ എന്‍ഡിഎയുമായി കൂടുതല്‍ അടുപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും രാമഭദ്രന്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.