''അക്രമികളെ സംരക്ഷിക്കുന്നത് പോലീസ് ''

Tuesday 14 June 2016 2:35 pm IST

കോഴിക്കോട്: സിപിഎം അക്രമത്തിലും പോലീസിന്റെ അവഗണനയിലും വേദനിച്ചുകഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമാശ്വാസം നല്‍കിക്കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ലളിത കുമരമംഗലത്തിന്റെ സന്ദര്‍ശനം. കണ്ണൂരിലെ പിണറായിയില്‍ സിപിഎം അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഏറെ തിരക്കിനിടയിലാണ് അവര്‍ നിട്ടൂരിലെത്തിയത്. നാദാപുരത്തെ ഇയ്യങ്കോട്, നിട്ടൂര്‍ എന്നിവിടങ്ങളില്‍ സിപിഎം അക്രമത്തിനിരയായ നിരവധി സ്ത്രീകളും കുട്ടികളും കമ്മീഷനു മുമ്പില്‍ തങ്ങളുടെ ദുരന്ത കഥകള്‍ വിവരിച്ചു. സമയക്കുറവ് കാരണം വട്ടോളി വേദവ്യാസ സ്‌കൂള്‍ ഹാളില്‍ വെച്ചാണ് വനിതാ കമ്മീഷന്‍ ഇവരില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചത്. അക്രമം നടന്നിട്ട് ഏതാണ്ട് ഒരു മാസമാകാറായിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിക്കുകയാണെന്ന് സ്ത്രീകള്‍ പരാതിപ്പെട്ടു. ''മൂന്നുവണ്ടി പോലീസ് സ്ഥലത്തുള്ളപ്പോഴാണ് അക്രമത്തിന് നേതൃത്വം കൊടുത്ത വികാസ് ബസ് സ്റ്റോപ്പില്‍ യാതൊരു പേടിയുമില്ലാതെ നിന്നത്. അക്രമികളെ പോലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടുപോലും പോലീസ് അനങ്ങിയില്ല''. നിട്ടൂരിലെ സ്ത്രീകള്‍ പറഞ്ഞു. തനിക്ക് നിരവധി കേസുകളുണ്ടെന്നും ഒരു കൊലക്കേസുകൂടി ഉണ്ടായാല്‍ സാരമില്ലെന്നുമാണ് അക്രമികളില്‍ പലരുടെയും സംസാരമെന്നും അവരെ പേടിച്ച് വീടുകളില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നില്ലെന്നും സ്ത്രീകള്‍ പറഞ്ഞു. തന്റെ കാതിലെ ആഭരണം പറിച്ചെടുക്കുകയും പണം കട്ടെടുക്കുകയും ചെയ്തവര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും തന്റെ മകനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നും നാദാപുരം ഇയ്യങ്കോട് കിഴക്കെയില്‍ പാറു കരഞ്ഞുകൊണ്ട് വനിതാ കമ്മീഷനു മുമ്പില്‍ തന്റെ വേദന വിവരിച്ചു. ''ബോംബുകള്‍ ബക്കറ്റിലാക്കിയാണ് അക്രമികള്‍ നടക്കുന്നത്. പോലീസിന്റെ പരിശോധന പേരിനുമാത്രമാണ്. ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്. അവര്‍ കൊല്ലാനും. എന്നാല്‍ മരിക്കുന്നതു വരെ സ്വസ്ഥമായി ജീവിക്കാന്‍ കഴിയണം'' പെരുമ്പമഠത്തില്‍ രമ പറഞ്ഞു. പിഞ്ചുകുട്ടികളെ പോലൂം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. വര്‍ഷങ്ങളായി നിരന്തരം അക്രമം നേരിടുകയാണ്. ഇതിനൊരവസാനമുണ്ടാകണം. സ്ത്രീകള്‍ ഒന്നടങ്കം കമ്മീഷനു മുന്നില്‍ പരാതിപ്പെട്ടു. മക്കളെയും അമ്മയേയും കയ്യേറ്റം ചെയ്ത് അക്രമികള്‍ തന്നെ മര്‍മ്മസ്ഥാനത്ത് ചവിട്ടിയതായി കിഴക്കയില്‍ അനില്‍കുമാറിന്റെ ഭാര്യ ജീവന പറഞ്ഞു. പരാതികള്‍ക്ക് പരിഹാരം കാണുമെന്നും ക്രമസമാധാന ചുമതലയുള്ള സംസ്ഥാനത്തെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടുമെന്നും അവര്‍ ഉറപ്പു നല്‍കി. ദേശീയ വനിതാ കമ്മീഷന്‍ അംഗം സുഷമ സാഹു, അഡ്വ. ഒ.എം. ശാലീന എന്നിവരോടൊപ്പമാണ് അവര്‍ സിപിഎം അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ബി. ഗോപാലകൃഷ്ണന്‍, വി.കെ. സജീവന്‍, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ. കെ.വി. സുധീര്‍, ടി. ബാലസോമന്‍, എം.പി. രാജന്‍, രാമദാസ് മണലേരി, ടി.കെ. രാജന്‍, രാജീവന്‍ അരൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.