'സ്ത്രീ ജന്മം പാഴ്ജന്മം'

Tuesday 14 June 2016 8:51 pm IST

മാതാ പിതാ ഗുരു ദൈവം എന്ന ആപ്തവാക്യത്തില്‍ മാതാവിനാണ് മുന്‍ഗണന. പക്ഷെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ടിവിയില്‍ കണ്ടത് അമ്മയെ ബസ്സ്റ്റാന്റില്‍ ഉപേക്ഷിക്കുന്ന മകളുടെ ദൃശ്യമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ കേരളത്തിന് അപമാനകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍തന്നെ സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്നത് പരാമര്‍ശിച്ചാണ്. 'സ്ത്രീ ജന്മം പാഴ് ജന്മം' എന്ന ചൊല്ലുയരുന്നത് സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളെ മുന്‍നിര്‍ത്തിയാണ്. പറവൂര്‍ പീഡനക്കേസില്‍ സ്വന്തം അമ്മ ഒരുലക്ഷം രൂപയ്ക്ക് വിറ്റ പെണ്‍കുട്ടിയുള്‍പ്പെടെയുള്ളവരെ വാങ്ങിയ ശോഭാ ജോണിനെതിരെയുള്ള കേസ് തീര്‍പ്പാകാതെ 11 വര്‍ഷം പിന്നിടുന്നു. 'ചൈല്‍ഡ് ലേബര്‍ ഓഫ് കിഡ്‌സ് ബിലോ 14 ആക്ട്-1986' ബാലവേല നിരോധിച്ചിരിക്കുകയാണ്. പിന്നീട് കുടുംബസംബന്ധമായ ജോലികള്‍ ചെയ്യാന്‍ കുട്ടികളെ ഉപയോഗിക്കാം എന്ന വ്യവസ്ഥ ആക്ടില്‍ ഉള്‍പ്പെടുത്തി. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനവകാശമുണ്ട്. ഇതുവകവയ്ക്കാതെ കുട്ടികളെ ബാലവേലയ്ക്കയച്ചാല്‍ ശിക്ഷ 20,000 മുതല്‍ 50,000 രൂപ വരെയാണ്. പക്ഷെ ഇന്ന് സാക്ഷര കേരളത്തില്‍ ബാലവേല സുലഭമാണ് എന്നുമാത്രമല്ല, അത് കൂടിക്കൊണ്ടിരിക്കുകയുമാണ്. സംസ്ഥാനത്തെത്തുന്ന ഇതരസംസ്ഥാന കുട്ടികളാണ് വികസിച്ചുവരുന്ന പ്ലൈവുഡ് വ്യവസായത്തിലെ മുഖ്യതൊഴിലാളികള്‍. എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് ഇതിന്റെ കേന്ദ്രം. ഇപ്പോള്‍ പെണ്‍കുട്ടികളെ വിലയ്ക്കുവാങ്ങുന്ന രീതിയും വ്യാപകമാണ്. ഈ പശ്ചാത്തലത്തിലാണ് പെണ്‍ജന്മം പാഴ്ജന്മമെന്ന് എഴുതിയത്. പെണ്‍കുട്ടികളായിരുന്നു പണ്ട് മാതൃദായക്രമം നിലനിന്നിരുന്ന കേരളത്തിലെ താരങ്ങള്‍. ഇന്ന് അവര്‍ പെണ്‍വാണിഭ ഇരകളും വില്‍പ്പനചരക്കുകളും. അടുത്തിടെ ഇംഫാലില്‍നിന്നും നാലുവയസ്സിനും എട്ടുവയസ്സിനും ഇടയിലുള്ള പെണ്‍കുട്ടികളെ വില്‍പ്പനയ്ക്കായി ആലുവായില്‍ എത്തിച്ചിരുന്നു. കുട്ടികളെ വാങ്ങുന്നത് വീട്ടുജോലിക്കാണ്. വയറുനിറയെ ഭക്ഷണമോ, രാത്രിയില്‍ ഉറക്കമോ ലഭിക്കാതെ രാപകല്‍ അവര്‍ക്ക് ജോലി ചെയ്യേണ്ടിവരും. ഇതിനുപുറമെ ലൈംഗിക പീഡനത്തിനും ഇരയാകേണ്ടിവരുന്നു. 80 ശതമാനം കുട്ടികളും കാര്‍ഷികവൃത്തിക്കും 19 ശതമാനം അടുക്കളപ്പണിക്കും ഉപയോഗിക്കപ്പെടുന്നു. കേരളത്തില്‍ 17 ദശലക്ഷം ബാലവേലക്കാര്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇപ്പോള്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികളെ വില്‍ക്കാന്‍ തയ്യാറാകുന്നു. സ്ത്രീധനം എന്ന ശാപം നിലനില്‍ക്കുന്നിടത്തോളം പെണ്‍കുട്ടികളെ മാതാപിതാക്കള്‍, പ്രത്യേകിച്ച് നിര്‍ധനര്‍ ശാപമായി കരുതുന്നു. ഇന്ന് കുട്ടികളെ വാങ്ങിച്ച് വില്‍ക്കുന്ന ഏജന്റുമാരുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇത് വ്യാപകമായിരുന്നു. അന്ന് ഒരു നേവല്‍ ഓഫീസര്‍ ഒരു പെണ്‍കുട്ടിയെ വീട്ടുജോലിക്കായി വിലയ്ക്കുവാങ്ങിയത് വന്‍ വിവാദമാവുകയുണ്ടായി. ഒരു ഇടവേളയ്ക്കുശേഷം പെണ്‍കുട്ടികള്‍ ഇപ്പോള്‍ വീണ്ടും വില്‍പ്പനച്ചരക്കാവുകയാണ്. കോണ്‍ട്രാക്ടര്‍മാരാണ് ഇവരെ വിലയ്ക്കുവാങ്ങുന്നത്. വില്‍ക്കുന്ന 'അരക്ഷിതാക്കള്‍ക്ക്' 35,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും. പിന്നെ മാസാമാസം ശമ്പളവും. മൂന്നുദിവസം മുന്‍പ് കണ്ണൂരില്‍നിന്ന് പ്രായപൂര്‍ത്തിയാവാത്ത അഞ്ചു പെണ്‍കുട്ടികള്‍ പിടിയിലായി. അന്വേഷിച്ച് കിട്ടിയ വിവരം അനുസരിച്ച് 200 ഓളം പെണ്‍കുട്ടികളെ വിലയ്ക്കുവാങ്ങി അടുക്കളപ്പണിക്ക് നിയോഗിച്ചിട്ടുണ്ടത്രെ. കുട്ടികളെ കടത്ത് കേരളത്തില്‍ വര്‍ധിക്കുകയാണ്. ഓരോ എട്ടുമിനിട്ടിലും ഒരു പെണ്‍കുട്ടി ഇവിടെ ചൂഷണവിധേയയാകുന്നുണ്ടത്രെ. 200 കുട്ടികളാണ് മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ വില്‍ക്കപ്പെട്ടത്. കണ്ണൂരിലും പറവൂരിലും മറ്റു പല സ്ഥലങ്ങളിലും ഇവരെ കൊണ്ടുവന്ന് കച്ചവടം നടത്തുന്നു. ഝാര്‍ഖണ്ഡില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവരെ കേരളത്തിലേക്ക് മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലേക്കും കടത്തുന്നു. കേരളത്തില്‍ 1800 അനാഥാലയങ്ങള്‍ ആണുള്ളത്. ഇതില്‍ നല്ലൊരു വിഭാഗം മുസ്ലിം സമുദായത്തിന്റെതാണ്. ഇവിടേയ്ക്ക് ആണ്‍കുട്ടികളെ വിലയ്ക്കുവാങ്ങി മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇങ്ങനെ വാങ്ങിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ബീഹാറില്‍നിന്നും ഝാര്‍ഖണ്ഡില്‍നിന്നുമുള്ളവരാണ്. സങ്കടകരമെന്നു പറയട്ടെ, കേരളത്തില്‍ എത്തുന്ന ഇതരസംസ്ഥാന ബാലവേലക്കാര്‍ ബീഹാറില്‍നിന്നും ഝാര്‍ഖണ്ഡില്‍നിന്നും മറ്റുമുള്ളവരാണ്. പണ്ട് കലൂരിലെ മൈതാനത്ത് കുടില്‍കെട്ടി അനാശാസ്യവും ബാലവേലയുമെല്ലാം നടത്തിയിരുന്നതും ഇതര സംസ്ഥാനക്കാരാണ്. കേരളത്തിലെ ബാലഭിക്ഷാടകരും ഝാര്‍ഖണ്ഡില്‍നിന്നും ബീഹാറില്‍നിന്നും മറ്റും ഉള്ളവരാണ്. ഉത്തരഭാരത സംസ്ഥാനങ്ങളിലെ അനാഥമന്ദിരങ്ങളും കേരളത്തിലെ അനാഥമന്ദിരങ്ങളിലേക്ക് കുട്ടികളെ അയയ്ക്കുന്നു. ഇപ്പോള്‍ ഹൈക്കോടതിതന്നെ ബാലവ്യാപാരത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കൊല്ലം ബീഹാറില്‍നിന്നും ഝാര്‍ഖണ്ഡില്‍നിന്നുമുള്ള 450 കുട്ടികളെ ചെന്നൈയിലേക്കും വടക്കന്‍ കേരളത്തിലേക്കും കൊണ്ടുവന്നിരുന്നു. അന്ന് അവരെ പോലീസ് പിടിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഗര്‍ഭസ്ഥശിശു പെണ്ണാണെന്നറിഞ്ഞാല്‍ കേരളത്തില്‍ ചില അമ്മമാര്‍ ഗര്‍ഭഛിദ്രം നടത്തുന്നു. ഇത് കുറ്റകരമാണെങ്കിലും തുടര്‍ക്കഥയാണ്. ഇപ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ മിഡ്‌വൈഫുമാരും രംഗപ്രവേശം ചെയ്തിട്ടുണ്ട്. അമ്മമനസ്സിന്റെ സ്‌നേഹത്തെ പുകഴ്ത്തി പാട്ടുകള്‍ രചിക്കുമ്പോഴും ധനമോഹം മാതൃത്വത്തിന് കളങ്കമായി തുടരുന്നു എന്നത് സത്യമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമം കേരളത്തിന് അപമാനകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞത് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സിപിഎം അക്രമങ്ങളെ പരാമര്‍ശിച്ചാണ്. ജന്മനാട്ടില്‍പ്പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കാത്ത മുഖ്യമന്ത്രി സ്ത്രീ-ബാല-ബാലികാ പീഡനങ്ങള്‍ വര്‍ധിക്കുന്ന കേരളത്തിലെ സ്ഥിതി എങ്ങനെ നിയന്ത്രണവിധേയമാക്കും? ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ കേരളസമൂഹത്തിലെ ഇന്നത്തെ ലൈംഗിക വൈകൃതം നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് എതിര്‍പാര്‍ട്ടികളെ വെല്ലുക മാത്രമല്ല ജോലി. സമൂഹത്തോടുള്ള കടമകള്‍കൂടി നിറവേറ്റണം. ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു സുരക്ഷിതത്വവുമില്ലാത്ത സംസ്ഥാനമായി സാക്ഷര-സാംസ്‌കാരിക കേരളം മാറി എന്നത് ലജ്ജാകരം തന്നെയാണ്. ദേശീയ വനിതാകമ്മീഷന് നിരവധി പരാതികളാണ് ഈ ജില്ലകളില്‍നിന്ന് ലഭിച്ചത്. എല്ലാവരുടേയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം എന്നുപറയുമ്പോഴും കേരളത്തിലാണ് ജിഷയെപ്പോലുള്ള ദളിത് സമുദായക്കാരായ പെണ്‍കുട്ടികള്‍ മൃഗീയമായി കൊല്ലപ്പെടുന്നത്. ജിഷയുടെ കൊലപാതകിയെ മനുഷ്യനെന്നോ മൃഗമെന്നോ അല്ല വിശേഷിപ്പിക്കേണ്ടത്. മൃഗീയ രാക്ഷസന്‍ എന്നാണ്. മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടതിന്റെ ഭാഗമായി നിരവധി പരാതികള്‍ വനിതാ കമ്മീഷന് ലഭിച്ചെന്നും ലളിത കുമാരമംഗലം പറഞ്ഞു. ഈ പരാമര്‍ശം കേരളത്തിനൊട്ടാകെ ബാധകമാണ്. കേരളം സാക്ഷര സംസ്ഥാനമായപ്പോള്‍, അഭ്യസ്തവിദ്യരുടെ നാടായപ്പോള്‍ രോമാഞ്ചം കൊണ്ടവരാണ് മലയാളികള്‍. ''കേരളം എന്നുകേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍'' എന്നുപാടിയ കവി ഇന്നത്തെ സ്ഥിതി കണ്ടാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരും. ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ക്ക് രാത്രികള്‍ അന്യമാണ്, ഏകാകിനിയായി യാത്രകള്‍ അപകടകരമാണ്. എന്തിന്! സ്വന്തം വീട്ടില്‍പ്പോലും പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിന് വിധേയരാകേണ്ടിവരുന്നു. കേരളത്തില്‍ ഇന്ന് അമ്മയില്ല, സഹോദരി ഇല്ല,മകളും ഇല്ല-ഉള്ളത് വെറും ലൈംഗിക ഉപഭോഗവസ്തുക്കള്‍ മാത്രം. എന്തുകൊണ്ട് കേരളത്തിന് ഈ അവസ്ഥ സംഭവിക്കുന്നു എന്ന് മനഃശാസ്ത്ര വിദഗ്ദ്ധര്‍ പരിശോധിക്കേണ്ട സമയമായിരിക്കുന്നു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പോലും പെണ്‍വര്‍ഗത്തെ 'അമ്മ' എന്നാണ് വിളിക്കുന്നത്. കേരളം ആവശ്യപ്പെടുന്നത് വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും ബന്ധങ്ങള്‍ക്കും പുതിയ നിര്‍വചനം വേണമെന്നാണ്. e-mail: leelamenon2001@yahoo.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.