ആര്‍എആര്‍എസ്, കെഐഐഡിസി തര്‍ക്കം; കാരാപ്പുഴ ഉദ്യാന പദ്ധതി കുളം തോണ്ടുന്നു

Tuesday 14 June 2016 8:53 pm IST

അമ്പലവയല്‍ : വയനാട്ടിലെ കാരാപ്പുഴ അണക്കെട്ടും പരിസരവും മൈസൂരുവിലെ വൃന്ദാവന്‍ മാതൃകയില്‍ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിഭാവനംചെയ്ത ഉദ്യാന പദ്ധതി കുളംതോണ്ടുന്നു. കാരാപ്പുഴയില്‍ ഏകദേശം നാലര ഹെക്ടര്‍ സ്ഥലത്ത് 2015 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നട്ട നൂറുകണക്കിനു പൂച്ചെടികളും ഒരുക്കിയ പുല്‍ത്തകിടിയും കളകയറി നശിക്കുകയാണ്. ഉദ്യാന നിര്‍മാണവും ഒരു വര്‍ഷത്തെ പരിപാലനവും ഏറ്റെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ(കെ.എ.യു) അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രവുമായി(ആര്‍.എ. ആര്‍.എസ്) കണക്കിലെ വ്യക്തതയെച്ചൊല്ലി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷ ന്‍(കെ.ഐ.ഐ.ഡി.സി) കൊമ്പുകോര്‍ത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. കാരാപ്പുഴയിലെ ഉദ്യാന നിര്‍മാണത്തിനും പരിപാലനത്തിനുമായി 2014 ഒക്‌ടോബര്‍ 27നാണ് ആര്‍എ.ആര്‍.എസും കെ.ഐ.ഐ.ഡി.സിയും ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇതനുസരിച്ച് കാരാപ്പുഴയില്‍ അണക്കെട്ടിനടുത്തായി 8,500 പൂച്ചെടികള്‍ നട്ടും 1,800 ചതുരശ്ര അടിയില്‍ പുല്‍ത്തകിടി ~~ഒരുക്കിയും ഒരു വര്‍ഷത്തേക്ക് പരിപാലിക്കുന്നതിനു കെഐഐഡിസി 43 ലക്ഷം രൂപ ആര്‍എആര്‍എസിനു നല്‍കണം. ഈ തുകയില്‍ 23 ലക്ഷംരൂപ കെഐഐ ഡിസി മുന്‍കൂര്‍ നല്‍കി. ഹൈടെക് കാര്‍ഷിക കര്‍മസേനയെ ഉപയോഗപ്പെടുത്തി 2015 മാര്‍ച്ച് 11നാണ് ആര്‍എആര്‍എസ് ഉദ്യാന നിര്‍മാണം തുടങ്ങിയത്. വൈകാതെ വിവിധയിനങ്ങളില്‍പ്പെട്ട 3,667 റോസ്, 5,000 ഡാലിയ ചെടികള്‍ നട്ടു. പുല്‍ത്തകിടി ഒരുക്കി. ജര്‍ബറ ഉള്‍പ്പെടെ വിശിഷ്ട ഇനങ്ങളില്‍പ്പെട്ട ഏതാനും ചെടികളും വെച്ചുപിടിപ്പിച്ചു. ഉദ്യാനത്തിനു ചുറ്റും വേലിയും നിര്‍മിച്ചു. തുടര്‍ന്ന് ആ ര്‍എആര്‍എസ് ബാക്കി തുക കിട്ടുന്നതിനു കെഐഐ ഡിസിക്ക് കത്ത് അയച്ചു. 2015 സെപ്റ്റംബര്‍ 14 വരെ ഉദ്യാന പരിപാലനം-15 ലക്ഷം രൂപ, നടീല്‍ വസ്തുക്കളുടെ വില-15 ലക്ഷം രൂപ, വേലി നിര്‍മാണം-10 ലക്ഷം രൂപ, കണ്‍സള്‍ട്ടന്‍സി-നാല് ലക്ഷം രൂപ എന്നിങ്ങനെ ആകെ 44 ലക്ഷം രൂപ ചെലവായതായും മുന്‍കൂര്‍ നല്‍കിയതുകഴിച്ച് 21.5 ലക്ഷം രൂപ ഉടന്‍ ലഭ്യമാക്കണമെന്നുമായിരുന്നു കത്തില്‍. എന്നാല്‍ ഈ തുക കെ.ഐ.ഐ.ഡി.സി നല്‍കിയില്ല. ഉദ്യാന നിര്‍മാണവും പരിപാലനവും സംബന്ധിച്ച് വിശദമായ കണക്ക് ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി പണം അനുവദിച്ചാല്‍ മതിയെന്ന നിലപാടാണ് കെ ഐഐഡിസി സ്വീകരിച്ചത്. 2015 സെപ്റ്റംബര്‍ അവസാനം ടൂറിസം വകുപ്പിലെ പ്രൊജക്ട് എന്‍ജീനീയര്‍ക്കൊപ്പം കാരാപ്പുഴയില്‍ സന്ദര്‍ശനം നടത്തിയ കെഐ ഐ ഡിസി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഉദ്യാനപരിപാലനം കുറ്റമറ്റതല്ലെന്ന് വിലയിരുത്തുകയുമുണ്ടായി. ഇതിനു പിന്നാലെ ഉദ്യാനനിര്‍മാണ-പരിപാലനത്തിന്റെ വിശദമായ കണക്ക് ലഭിക്കുന്നതിനു കെ.ഐ. ഐ.ഡി.സി രണ്ട് വട്ടം കത്ത് അയച്ചെങ്കിലും ആര്‍എആര്‍എസ് ഗൗനിച്ചില്ല. കാടുംപടലും നീക്കി ഉദ്യാനത്തിലെ ചെടികളെ സംരക്ഷിക്കാനും കൂട്ടാക്കിയില്ല. പൂവിട്ട ചെടികള്‍ തഴച്ചുവളരുന്ന കളകള്‍ക്കിടയിലൂടെ എത്തിനോക്കുന്ന അവസ്ഥയാണ് ഉദ്യാനത്തിലിപ്പോള്‍. കാരാപ്പുഴയില്‍ രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയതാണ് വിനോദസഞ്ചാര വികസന പരിപാടികള്‍. വിവിധ പ്രവൃത്തികള്‍ക്കായി ഒന്നാംഘട്ടത്തില്‍ 4.92 കോടി രൂപയാണ് അനുവദിച്ചത്. ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, നടപ്പാത, പാര്‍ക്കിംഗ് ഏരിയ, സുവനീര്‍-സ്‌പൈസസ് സ്റ്റാള്‍, അലങ്കാരദീപങ്ങള്‍ സ്ഥാപിക്കല്‍, ഫൗണ്ടെയ്ന്‍ തുടങ്ങിയ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 98 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ അനുവദിച്ച 2.29 കോടി രൂപയില്‍ 70 ലക്ഷം രൂപ വിനിയോഗിച്ച് കുട്ടികളുടെ ഉദ്യാനത്തിന്റേതടക്കം പ്രവൃത്തി നടന്നുവരികയാണ്. ബാക്കി തുക ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ രൂപകല്‍പനപോലും നടന്നിട്ടില്ലെന്നാണ് അറിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.