അയ്യപ്പന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കണം: മത്സ്യപ്രവര്‍ത്തക സംഘം

Tuesday 14 June 2016 9:17 pm IST

കോഴിക്കോട്: മത്സ്യബന്ധന മേഖലയെക്കുറിച്ച് പഠിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. അയ്യപ്പന്‍ കമ്മറ്റിയുടെ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും അംഗീകരിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിത സുരക്ഷിതത്വം, മത്സ്യസമ്പത്തിന്റെ പരിപാലനം, ദേശീയ മത്സ്യബന്ധന നയം രൂപീകരിക്കണം എന്നിവ സംബന്ധിച്ച് മത്സ്യപ്രവര്‍ത്തക സംഘം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് അനുകൂലമാണ് അയ്യപ്പന്‍ കമ്മറ്റി ശുപാര്‍ശകള്‍. ആഴക്കടല്‍ മത്സ്യസമ്പത്ത് യഥേഷ്ടം കോരിയെടുക്കാന്‍ വിദേശകപ്പലുകളുടെയും വിദേശ കമ്പനികളെയും അനുവദിക്കുന്ന പതിവുനയത്തില്‍ നിന്നും വ്യത്യസ്തമാണിത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന കാതലായ മാറ്റമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്. മത്സ്യബന്ധനം, വിപണനം, സംസ്‌കരണം എന്നിവ സംബന്ധിച്ചും മത്സ്യത്തൊഴിലാളി ക്ഷേമം, തീരപരിപാലനം ഉറപ്പ് വരുത്തുന്നതുമായ നിര്‍ദ്ദേശങ്ങളും സ്വാഗതാര്‍ഹമാണ്. കാലാവസ്ഥ വ്യതിയാനവും അന്താരാഷ്ട്ര കരാറുകളും നിയമങ്ങളും ശാസ്ത്രീയമായ നിരീക്ഷണ നിയന്ത്രണങ്ങളും പ്രതിപാദിക്കുന്നതോടൊപ്പം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കടലറിവും പരിചയവും പ്രായോഗികതയും പ്രയോജനപ്പെടുത്തുന്ന സുപ്രധാന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കരട് രൂപരേഖ വിവാദങ്ങളാണ് ഉണ്ടാക്കിയതെങ്കില്‍ പുതിയ റിപ്പോര്‍ട്ട് എല്ലാ മത്സ്യത്തൊഴിലാളി സംഘടനകളും സംസ്ഥാന സര്‍ക്കാരും സ്വാഗതം ചെയ്യുകയാണ്. പരമ്പരാഗത മത്സ്യബന്ധനത്തിലൂന്നിയതും മുരാരി കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചും പുതിയ നയത്തിന് രൂപം കൊടുക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘവും അനുബന്ധ ദേശീയ സംഘടനകളും കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളുടെയും നിവേദനങ്ങളുടെയും ഫലമായിട്ടാണ് ഇത്രയും ഗുണകരമായ റിപ്പോര്‍ട്ട് ഉണ്ടായിട്ടുള്ളത്. പ്രസ്തുത റിപ്പോര്‍ട്ട് കാലതാമസം കൂടാതെ അംഗീകരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണം. വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള വ്യത്യസ്ത സംവിധാനങ്ങള്‍ ഏകോപിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ഫിഷറീസ് വകുപ്പ് എന്ന ആവശ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതുകൂടി കണക്കിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ എന്‍.പി. രാധാകൃഷ്ണന്‍, കെ. പ്രദീപ്കുമാര്‍, കെ. രജനീഷ് ബാബു, കെ. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.