ദളിത് വൃദ്ധയെ ആക്രമിച്ച സിപിഎം പ്രതികളെ അറസ്റ്റ് ചെയ്യണം: മഹിളാ മോര്‍ച്ച

Tuesday 14 June 2016 9:20 pm IST

കാസര്‍കോട്: ദളിത് വൃദ്ധ ദേലംപ്പാടി കക്കപ്പടിയിലെ രത്‌നമ്മ(60)യ്ക്ക് നേരെ നടന്ന സിപിഎം ക്രിമിനല്‍ സംഘത്തിന്റെ അക്രമണം കുടുംബ വഴക്കെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ഭാരതീയ മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് ആരോപിച്ചു. ദളിത് വൃദ്ധയെ അക്രമിച്ച സംഭവത്തില്‍ സിപിഎം തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് കേസന്വേഷണം. പ്രാഥമിക അന്വേഷണം പോലും നടത്തുന്നതിന് മുമ്പായി രത്‌നമ്മയ്ക്ക് മാരകമായി പരിക്കേറ്റത് കുടുംബ വഴക്കിനിടയിലാണെന്ന് മൊഴി നല്‍കാന്‍ പോലീസ് അവരെ നിര്‍ബന്ധിക്കുകയാണ്. അക്രമം നടന്നിട്ട് ആറ് ദിവസമായിട്ടും മൊഴി രേഖപ്പെടുത്താന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. പോലീസിന്റെ ഈ പക്ഷപാതപരമായ നിലപാട് അവസാനിപ്പിക്കണമെന്ന് ഭാരതീയ മഹിളാ മോര്‍ച്ച ആശ്യപ്പെട്ടു. പ്രതികളെ പോലീസിന് കാട്ടി കൊടുത്തിട്ടും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് പോലീസും സിപിഎമ്മും തമ്മില്‍ നടത്തുന്ന രഹസ്യ ധാരണകളുടെ ഫലമാണ്. ജാമ്യം ലഭിക്കാത്ത കേസാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പോലീസ് പ്രതികളെ രക്ഷിക്കാനായി നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭരണ സ്വാധീനമുപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെ സംസ്ഥാനത്ത് അക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയതോടെ സിപിഎം ജിഷ വധക്കേസുമായി ബന്ധപ്പെട്ട് നടത്തി വന്ന സമരത്തില്‍ നിന്ന് പിന്മാറുകയാണ് ചെയ്തത്. സ്ത്രീകള്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങളില്‍ കേസ് അന്വേഷണം ശരിയായ രീതിയില്‍ നടത്തി പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. സ്ത്രീ സുരക്ഷയ്ക്കായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം ജനാധിപത്യ രീതിയിലുള്ള ശക്തമായ സമരപരിപാടികള്‍ക്ക് ഭാരതീയ മഹിളാ മോര്‍ച്ച നേതൃത്വം നല്‍കുമെന്ന് രേണു സുരേഷ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി ശൈലജാ ഭട്ട്, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായ്ക്, ഭാരതീയ മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് രത്‌നാവതി, ജനറല്‍ സെക്രട്ടറി പുഷ്പ അമേക്കള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.