ആലപ്പുഴ: ഹിന്ദു സംന്യാസിമാര്‍ അടിവസ്ത്രം ധരിക്കാത്തവരാണെന്ന് ആക്ഷേപിച്ച മന്ത്രി ജി.സുധാകരന്റെ പുന്നപ്ര പറവൂരിലെ വീട്ടിലേക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ഇന്നലെ വൈകിട്ട് കളര്‍കോട് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം സുധാകരന്റെ വീടിനു സമീപം പോലീസ് തടഞ്ഞു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സുദര്ശനന് പാറ്റൂര്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സംന്യാസിമാര്‍ക്കെതിരെ സുധാകരന് നടത്തുന്ന തരംതാണ പരാമര്‍ശങ്ങള്‍ അവസാനിപ്പിച്ച പൊതുസമൂഹത്തോട് മാപ്പു പറഞ്ഞില്ലെങ്കില്‍ മന്ത്രിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിനോദ് ഉമ്പര്‍നാട്, സി.എന്‍. ജിനു, തുടങ്ങിയവര്‍ സംസാരിച്ചു. ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ്, മത്സ്യപ്രവര്‍ത്തക സംഘം ജില്ലാപ്രസിഡന്റ് ഡി. സുരേഷ്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്, സഹകാര്യവാഹ് ജി. സുമേഷ്, താലൂക്ക് ബൗദ്ധിക് പ്രമുഖ് പി. രതീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി അഡ്വ. എ. ജയശങ്കര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: