സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ മാറും, നേര്യമംഗലത്തെ വനവാസികളുടെ ദുരിതജീവിതം

Tuesday 14 June 2016 10:56 pm IST

കൊച്ചി: പതിനാല് വര്‍ഷമായി നേര്യമംഗലത്തെ വനവാസികള്‍ ജീവിതം തന്നെ സമരമാക്കി മാറ്റിയിരിക്കുന്നത് ഒരൊറ്റ ആവശ്യത്തിന് വേണ്ടിയാണ്. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി അളന്ന് തിരിച്ച് തരണം. നിയമത്തിന്റെ നൂലാമാലകളോ മറ്റ് സാങ്കേതിക തടസ്സങ്ങളോ ഇതിനില്ല. സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ നടപ്പാക്കാന്‍ കഴിയുന്ന കാര്യത്തിനാണ് തകര്‍ന്നുവീഴാറായ പ്ലാസ്റ്റിക് കൂരകള്‍ക്ക് കീഴില്‍ പെരുമഴയത്ത് കിടന്ന് വര്‍ഷങ്ങളായി ഇവര്‍ യാചിക്കുന്നത്. 2002ലാണ് നേര്യമംഗലത്ത് ആദിവാസി പുനരുദ്ധാരണ മിഷന്‍ പദ്ധതി പ്രകാരം ജില്ലാ കൃഷിത്തോട്ടത്തിന്റെ 45 ഏക്കര്‍ ഭൂമി വാങ്ങുന്നത്. ഇതില്‍ ഏഴ് ഏക്കര്‍ മാത്രമാണ് താമസയോഗ്യമായത്. ബാക്കി വനവും ചതുപ്പ് നിലവുമാണ്. 2004ല്‍ 120 പേര്‍ക്ക് പട്ടയം അനുവദിച്ചു. ഇതില്‍ ചതുപ്പ് നിലവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഓരോരുത്തരുടെയും ഭൂമി ഏതെന്ന് കാട്ടിക്കൊടുത്തിരുന്നില്ല. ചതുപ്പ് നിലം കിട്ടിയവര്‍ അതുപേക്ഷിച്ചു. മറ്റുള്ളവര്‍ സ്വന്തം ഭൂമിയുടെ അതിരുകള്‍ അറിയില്ലെങ്കിലും കരമടച്ചു പോന്നു. 2010ല്‍ കരം സ്വീകരിക്കുന്നത് അധികൃതര്‍ നിര്‍ത്തി. 2011ല്‍ ഭൂമിക്ക് പുതിയ അപേക്ഷ ക്ഷണിച്ചു. ഇതിനിടെ വനവാസികള്‍ക്ക് ഭൂമി വേണ്ടെന്ന് പ്രചരിപ്പിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ 90 കോടിയുടെ ഒരു പദ്ധതിക്ക് ശ്രമം തുടങ്ങി. പദ്ധതിക്കായി ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചതോടെ വനവാസികള്‍ പ്രത്യക്ഷ സമരത്തിലേക്ക് കടന്നു. 2015 മാര്‍ച്ച് 12ന് ആദിവാസി ദ്രാവിഡ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടറുമായുള്ള ചര്‍ച്ചയില്‍ ഏപ്രില്‍ 30നകം ഭൂമി നല്‍കുമെന്ന് ഉറപ്പ് ലഭിച്ചു. എന്നാല്‍ ഭൂമിക്കുള്ള അപേക്ഷ മെയ് 17 വരെ നീട്ടിവെച്ച് അന്നത്തെ ജില്ലാ ട്രൈബല്‍ ഓഫീസര്‍ ഈ തീരുമാനം അട്ടിമറിച്ചെന്ന് വനവാസികള്‍ പറയുന്നു. അവഗണന തുടര്‍ന്നതോടെ ഡിസംബര്‍ ഒന്നിന് വില്ലേജ് ഓഫീസിന് മുന്നില്‍ ആദിവാസി ദ്രാവിഡ സാംസ്‌കാരിക സഭ ഭാരവാഹികളായ ബാബു എ.എന്‍., കെ.സോമന്‍ എന്നിവര്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഒന്‍പത് ദിവസത്തിന് ശേഷം സമരം ഒത്തുതീര്‍ത്തു. ഭിന്നശേഷിക്കാരായ മൂന്ന് പേര്‍ക്ക് സമരപ്പന്തലില്‍ പട്ടയം നല്‍കി. മറ്റുള്ള 67 കുടുംബങ്ങള്‍ക്ക് ഡിസംബര്‍ 31നകം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് നടന്ന പ്ലോട്ട് നറുക്കെടുപ്പില്‍ സമരത്തിലുള്ള വനവാസികളെ ഒഴിവാക്കി സ്ഥലം വേണ്ടെന്ന് പറഞ്ഞവരെ ഉള്‍പ്പെടുത്തി. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും തങ്ങളെ ഒഴിവാക്കിയെന്നാണ് ഇവരുടെ പരാതി. നറുക്കെടുപ്പില്‍ പ്ലോട്ട് ലഭിച്ചവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ നേര്യമംഗലത്തില്ല. ജില്ലാ പഞ്ചായത്താണ് ഗുണഭോക്തൃ പട്ടിക അട്ടിമറിക്കുന്നതെന്ന് കെ.സോമന്‍ പറയുന്നു. ജനകീയ സമിതി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് കാരണങ്ങളുണ്ടാക്കി അധികൃതര്‍ നിഷേധിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച താത്കാലിക കുടിലുകളില്‍ മഴക്കാലമായതോടെ ജീവിതം ദുസ്സഹമാണ്. പ്രായമായവരും കുട്ടികളും സ്ത്രീകളുമെല്ലാം ഈ ഒറ്റമുറി വീടിന്റെ സൗകര്യത്തിലാണ് ജീവിക്കുന്നത്. കൂലിപ്പണി പോലും കിട്ടാതായതോടെ ജീവിതം തന്നെ വഴിമുട്ടി. ഭൂമിയുണ്ടായിട്ടും വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്നവരുമുണ്ട്. ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്നാണ് മുഖ്യമന്ത്രി അടുത്തിടെ പ്രസംഗിച്ചത്. ഒരൊറ്റ ഫയലില്‍ ഒരുപാട് ജീവിതങ്ങളാണ് നേര്യമംഗലത്ത് വഴിമുട്ടി നില്‍ക്കുന്നത്. പ്രസംഗത്തിലെ ആത്മാര്‍ത്ഥത പ്രവൃത്തിയിലുണ്ടാവുമോയെന്നാണ് വനവാസികളുടെ ചോദ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.