കൊച്ചി : പത്രപ്രവര്‍ത്തകനും കവിയും നാടക ഗാന രചയിതാവുമായ ചാത്തന്നൂര്‍ മോഹന്‍(63) അന്തരിച്ചു. ഇന്ന് പുലർച്ചെ അഞ്ചിന് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് കുടുംബവീടായ കൊല്ലം ചാത്തന്നൂർ താഴംതെക്ക് മോഹനവിലാസത്തിൽ നടക്കും.
കൊല്ലത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന പ്രഭാതരശ്മിയുടെ അസോസിയേറ്റ് എഡിറ്ററാണ് മോഹന്‍. 84-ൽ കേരളകൗമുദിയിൽ പത്രപ്രവർത്തകനായി ചേർന്നു. 26 വർഷത്തെ സേവനത്തിനുശേഷം ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി വിരമിച്ചു. നിരവധി നാടകങ്ങൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൊല്ലത്ത് രൂപീകൃതമായ പ്രവീണ മ്യൂസിക് ക്ലബിൽ പ്രശസ്ത ഗായിക ലതികയ്ക്കൊപ്പം മുഖ്യഗായകനായിരുന്നു.
ശിവകാമി, കടലിരമ്പുന്ന ശംഖ്, ഏകാന്ത പ്രണയത്തിന്റെ നൂറ് വർഷങ്ങൾ (കവിതകൾ), നക്ഷത്രക്കുന്നിലെ നാഗമാണിക്യം (ബാലസാഹിത്യം, കെ.പി. അപ്പനെ കണ്ട് സംസാരിക്കുമ്പോൾ (അഭിമുഖം), കഥകളും കടന്ന് കാക്കനാടൻ (ലേഖനങ്ങൾ), അമ്മവാത്സ്യല്യം, ഉണ്ണിയാർച്ച, ഇന്ദ്രനീലം (നാടകം) എന്നിവയാണ് പ്രധാന കൃതികൾ.
സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽനിന്നും വിരമിച്ച ജയകുമാരിയാണ് ഭാര്യ. മക്കൾ: പാർവതി, മൈഥിലി, ഡോ. അനന്തുമോഹൻ. മരുമക്കൾ: പ്രജിത്ത്, ബിനീഷ്, ഡോ. അഖില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: