ഭക്താഭയവരദയായ സുഭദ്ര

Wednesday 15 June 2016 7:56 pm IST

നിത്യവും വസ്ത്രാലങ്കാരങ്ങള്‍ നല്‍കി കുമാരിമാരെ ആദരിക്കണം. ആദ്യദിവസം ഒരു കുമാരിയെ; രണ്ടാം ദിനം രണ്ടുപേരെ. ഇങ്ങനെ ഒന്‍പതുദിവസം പൂജകള്‍ നടത്തണം. ഇതില്‍ പാഠഭേദങ്ങളും ഉണ്ട്. അവനവന്റെ കഴിവുപോലെ, എന്നാല്‍ ലുബ്ധില്ലാതെ വേണം ഈ പൂജകള്‍ നടത്താന്‍. ഗന്ധാദി കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് ഒരു വയസ്സുള്ള കുട്ടിയെ പൂജയ്ക്ക് ഇരുത്തരുത്. രണ്ടുവയസ്സുള്ളവളാണ് കുമാരിക. മൂന്നു വയസ്സുകാരി ത്രിമൂര്‍ത്തി. നാലുവയസ്സില്‍ അവള്‍ കല്യാണി. അഞ്ചില്‍ രോഹിണി. ആറില്‍ കാളിക. എഴില്‍ ചണ്ഡിക. എട്ടില്‍ ശാംഭവിയും ഒന്‍പതില്‍ അവള്‍ ദുര്‍ഗ്ഗയുമാണ്. പത്തുവയസ്സുകാരി സുഭദ്രയാണ്. പത്തില്‍ കൂടുതല്‍ പ്രായമുള്ളവരെ പൂജയ്ക്ക് ഇരുത്താന്‍ പറ്റില്ല. കന്യകമാരെ ഇപ്പറഞ്ഞ പേരുകളിട്ടാണ് പൂജിക്കേണ്ടത്. ഓരോ പൂജകളുടെയും ഫലപ്രാപ്തി ഇനിപ്പറയാം. കുമാരീപൂജ കൊണ്ട് ദാരിദ്ര്യവും ശത്രുഭയവും ഇല്ലാതെയാവും. ത്രിമൂര്‍ത്തിപൂജയാല്‍ ആയുസ്സും ധനാഭിവൃദ്ധിയും, പുത്രലാഭം എന്നിവയാണ് ഫലം. വിദ്യാര്‍ത്ഥികള്‍ക്കും ജയകാംക്ഷിയായ രാജാവിനും കല്യാണീപൂജയാണ് ഉത്തമം. ശത്രുനാശത്തിനു കാളികാ പൂജ. ചണ്ഡികാപൂജകൊണ്ട് ഐശ്വര്യം, ധനം എന്നിവയുണ്ടാവുന്നു. ശാംഭവിയെ പൂജിക്കുന്നതുകൊണ്ട് ദുഃഖദാരിദ്ര്യമോചനം ഫലം. പോരില്‍ ജയിക്കാനും വശ്യത്തിനായും ശാംഭവിയെ പൂജിക്കാം. ദുഷ്ട ശത്രു നിവാരണത്തിന് ദുര്‍ഗ്ഗാപൂജ. പരലോകസുഖപ്രാപ്തിക്കും ഉത്തമമാണിത്. സര്‍വ്വാഭീഷ്ടങ്ങള്‍ സാധിക്കാന്‍ സുഭദ്രയെ പൂജിക്കാം. രോഗശാന്തിക്കായി രോഹിണിയെയും പൂജിക്കാം. 'ശ്രീരസ്തു' മന്ത്രമോ, ശ്രീ ചേര്‍ത്ത മറ്റു മന്ത്രങ്ങളോ ജപിച്ച് ഇങ്ങനെ സങ്കല്‍പ്പിക്കാം. 'സ്‌കന്ദന്റെ തത്വങ്ങളെയും ബ്രഹ്മാദിദേവന്മാരെയും ആരാണോ വെറുമൊരു ലീലയായി സൃഷ്ടിക്കുന്നത്, ആ ദേവിയെ ഞാന്‍ ആരാധിക്കുന്നു. ത്രിമൂര്‍ത്തിയായ അമ്മ ത്രികാലയും ത്രിഗുണയുമാണ്. ആ ദേവിയെ ഞാന്‍ നമസ്‌കരിക്കുന്നു. സകലരുടെയും അഭീഷ്ടം നല്‍കുന്ന കല്യാണിയാണ് അമ്മ. അവളുടെ കാല്‍ക്കല്‍ ഞാന്‍ കുമ്പിടുന്നു. ജീവജാലങ്ങളില്‍ മുന്‍ജന്മ കര്‍മ്മഫലങ്ങള്‍ അങ്കുരിപ്പിച്ചു വളര്‍ത്തുന്ന 'രോഹിണി' യെ ഞാന്‍ പൂജിക്കുന്നു. കല്‍പ്പാന്ത പ്രളയത്തില്‍ ചരാചരമാകെ കാലനം ചെയ്യുന്ന കാളിയെ ഞാനിതാ വണങ്ങുന്നു. ചണ്ഡമുണ്ഡന്മാരെ ഇല്ലാതാക്കിയ ചണ്ഡപാപനിവാരിണിയായ ചണ്ഡികയെ ഞാന്‍ പൂജിക്കട്ടെ. സുഖദാത്രിയായ ശാംഭവി സ്വയംഭുവയായ വേദസ്വരൂപിണിയാണ്. അകാരണജന്യയായ ദേവിയെ ശാംഭവിയായി ഞാന്‍ വന്ദിക്കുന്നു. ഭക്തരക്ഷ ചെയ്യുന്ന ദുര്‍ഗ്ഗതി നാശിനിയായ, ദേവന്മാര്‍ക്ക് പോലും ദുര്‍ജ്ഞേയയായ ദുര്‍ഗ്ഗാദേവിയെ ഞാന്‍ നമസ്‌കരിക്കുന്നു. അഭദ്രമായ എല്ലാം നീക്കുന്ന ഭക്താഭയവരദയായ സുഭദ്രയെ ഞാനിതാ പൂജിക്കുന്നു. 'ഇങ്ങിനെയുള്ള ഉചിത സങ്കല്‍പ്പങ്ങളാലും മന്ത്രങ്ങളാലും സാധകന്‍ നവ കന്യകമാരെ പൂജിക്കണം. സമുചിതസമ്മാനങ്ങളും, വസ്ത്രമാലാഗന്ധങ്ങളും നല്‍കി അവരെ പ്രീതിപ്പെടുത്തുകയും വേണം. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.