മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടില്‍ പ്രസവിച്ചു; നവജാത ശിശു മരിച്ചു

Wednesday 15 June 2016 9:02 pm IST

മാവേലിക്കര: മാനസികാസ്വാസ്ഥ്യമുള്ള അവിവാഹിത യുവതി വീട്ടില്‍ പ്രസവിച്ചു. നവജാതശിശു മരിച്ചു. തഴക്കര അറനൂറ്റിമംഗലം സ്വദേശിനിയാണ് ബുധനാഴ്ച രാവിലെ വീട്ടില്‍ പ്രസവിച്ചത്. ഇവര്‍ക്ക് അഞ്ചും നാലും വയസ്സുള്ള മറ്റു രണ്ടു കുട്ടികളുണ്ട്. ബന്ധുക്കളാരും സഹായത്തിനില്ലാത്ത ഇവര്‍ കുട്ടികളോടൊപ്പം സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് യുവതി പ്രസവിച്ചതും നവജാത ശിശു മരിച്ചതും അറിയുന്നത്. തുടര്‍ന്ന് മാവേലിക്കര പോലീസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ യുവതിയെയും നവജാത ശിശുവിനെയും മൂത്ത കുട്ടികളെയും കായംകുളം ജനറല്‍ ആശുപത്രിയിലാക്കി. മൂത്ത കുട്ടികള്‍ രണ്ടു പേരുടെയും സംരക്ഷണം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. മരിച്ച നവജാത ശിശുവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനായി വ്യാഴാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജ് അശുപത്രിയിലേക്ക് കൊണ്ടുപോകും. യുവതി അശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി കുട്ടികളെയും കൊണ്ട് അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ രണ്ടു വര്‍ഷം മുന്‍പ് യുവതിയെ ആലപ്പുഴ മഹിളാ മന്ദിരത്തില്‍ എത്തിക്കുകയും കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും ഏല്‍പ്പിക്കുകയും ചെയ്തു. യുവതിയെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയ ശേഷം സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ജെന്‍ഡര്‍ കോര്‍ ടീം എറണാകുളത്തുള്ള സ്‌നേഹിതയിലാക്കി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്‌നേഹിതയുടെ മതില്‍ ചാടി യുവതി പുറത്തു പോയതായി കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.