ആസാം ഫോറസ്റ്റ് ഉദേ്യാഗസ്ഥന്റെ വീട്ടില്‍ നിന്നും രണ്ടു കോടി രൂപയും മൃഗത്തോലും സ്വര്‍ണ്ണവും പിടികൂടി

Wednesday 15 June 2016 9:49 pm IST

ഗുവാഹട്ടി: കഴിഞ്ഞദിവസം ആസാം പോലീസിന്റെ അഴിമതി വിരുദ്ധവിഭാഗം അറസ്റ്റ് ചെയ്ത ആസാം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മഹത് ചന്ദ്ര ടലുക്ക് ധറിന്റെ വീട്ടില്‍ നിന്നും മൃഗങ്ങളുടെ തോലുകളും രണ്ടു കോടി രൂപയും പിടിച്ചെടുത്തു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തണലില്‍ ഒരേ സ്ഥലത്ത് തുടര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ അടുത്ത മാസം സര്‍വീസില്‍ നിന്നു വിരമിക്കാനിരിക്കുകയായിരുന്നു. കടുവ, മാന്‍ എന്നിവയുടേതുള്‍പ്പെടെ നിരവധി മൃഗങ്ങളുടെ തോലുകളും ഒരു കിലോയോളം സ്വര്‍ണ്ണാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ടലുക്ക് ധറിനെ അഴിമതിക്കേസ്സില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലോറി ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ദീമാജിയിലും ഗുവാഹട്ടിയിലുമുള്ള വീടുകളിലും അന്വേഷണസംഘം റെയ്ഡ് നടത്തി. ഇയാളുടെ എല്ലാ സാമ്പത്തിക ഇടപാടുകളെപ്പറ്റിയും അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആസാമിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആസാം വനം മന്ത്രി പ്രമീള റാണി ബ്രഹ്മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.