മാലിന്യനീക്കം നിലച്ചു; ചങ്ങനാശേരി പകര്‍ച്ചവ്യാധി ഭീഷണിയില്‍

Wednesday 15 June 2016 9:52 pm IST

ചങ്ങനാശേരി: നഗരത്തില്‍ മാലിന്യനീക്കം നിലച്ചതോടെ പകര്‍ച്ചവ്യാധി ഭീഷണി ഉയരുന്നു. നിരത്തുകളിലും മാര്‍ക്കറ്റിലെ ലോറി സ്റ്റാന്‍ഡിലും മാര്‍ക്കറ്റ് റോഡിലുള്ള ഉപയോഗ ശൂന്യമായ കിണറിലും വരെ മാലിന്യക്കൂമ്പാരമാണ്. കാലവര്‍ഷം കനത്തതോടെ പകര്‍ച്ചവ്യാധി ഭീഷണിയും ഉയരുകയാണ്. രണ്ടുദിവസം മഴ വിട്ടുനിന്നെങ്കിലും റോഡരികിലും മാര്‍ക്കറ്റിലും ഉള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കനത്ത മഴ പെയ്യുമ്പോള്‍ വെള്ളം ഓടകള്‍ കവിഞ്ഞ് റോഡിലേക്ക് നിറഞ്ഞൊഴുകുകയാണ്. ഇതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും എല്ലാം ഉള്‍പ്പെടുന്നു. പ്ലാസ്റ്റിക് കവറുകളും വ്യാപകമായി വില്‍ക്കപ്പെടുന്ന 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അത് പാലിക്കാറില്ല. ഓടകളിലെ മാലിന്യം നീക്കാനും നടപടിയില്ല. കഴിഞ്ഞ ദിവസം മാവേലി സ്റ്റോറിലും സിവില്‍ സപ്ലൈസ് കടയിലും സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്ന കവറുകള്‍ പൊട്ടിപ്പോകുന്നതായി പരാതി ഉണ്ടായിരുന്നു. ഉപഭോക്താക്കള്‍ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഓടകളിലും വഴിയിലും തള്ളുന്നത് മഴയത്ത് ഒഴുകി ഓടകളില്‍ വന്നടിഞ്ഞ് വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നതിന് കാരണമാകുന്നു. വഴിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നഗരസഭയുടെ പുതിയ കൗണ്‍സില്‍ അധികാരത്തില്‍ വന്നപ്പോള്‍ ശിക്ഷണനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ എന്നും പരാതി ഉയരാറുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.