സിപിഎം പ്രവര്‍ത്തകനെ കൊന്ന കേസില്‍ 17 ലീഗുകാരെയും വിട്ടു

Wednesday 15 June 2016 10:17 pm IST

കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി.കെ. ഷിബിനെ കൊലപ്പെടുത്തിയ കേസിലെ 17 പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികള്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണ്. മാറാട് പ്രത്യേക കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതികളെ കേസിലെ പങ്കിന് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിടുകയാണെന്ന് വിധിയില്‍ കോടതി പറഞ്ഞു. വര്‍ഗീയപരവും രാഷ്ട്രീയവുമായുമുള്ള വിരോധത്തിന് ഷിബിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. ലീഗ് പ്രവര്‍ത്തകന്‍ തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28), സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്‌ലം (20), വാരാങ്കിതാഴെകുനി സിദ്ദിഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസമദ്-25), മനിയന്റവിട മുഹമ്മദ് അനീസ്(19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടെമ്മല്‍ നാസര്‍(36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ(മുത്തു-25), എടാടില്‍ ഹസ്സന്‍ (24), വില്ല്യാപ്പിള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ്(36), നാദാപുരം കള്ളേരിന്റവിട ഷഫീഖ്(26), പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി(54), വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ല്യാര്‍(52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (അമ്മദ്-55) എന്നിവരെയാണ് കോടതി വിട്ടയച്ചത്. കേസില്‍ ആകെ 18 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്. കോടതിയില്‍ നീതി ലഭിച്ചില്ലെന്ന് വിധികേട്ട ഷിബിന്റെ അച്ഛന്‍ കെ.സി. ഭാസ്‌കരന്‍ പ്രതികരിച്ചു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2015 ജനുവരി 22ന് രാത്രിയാണ് അക്രമിസംഘം ഷിബിനെ വെട്ടിക്കൊന്നത്. കേസ് അന്വേഷിച്ച കുറ്റിയാടി സിഐ: ദിനേശ് കോറോത്തും സംഘവും 2015 ഏപ്രില്‍ 18നാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് പിന്നീട് മാറാട് കോടതിയിലേക്ക് മാറ്റുകയായിരുന്നു. വിചാരണയ്ക്കിടെ 66 സാക്ഷികളെ വിസ്തരിച്ചു. 151 രേഖകളും 55 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. അഡ്വ. കെ. വിശ്വനായിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. പ്രതികള്‍ക്കുവേണ്ടി അഡ്വ. സി.കെ. ശ്രീധരന്‍, അഡ്വ. വി.കെ. അബ്ദുള്‍ലത്തീഫ്, അഡ്വ. ജോസ്, അഡ്വ. ബിന്‍സി ബാബു, അഡ്വ.സി.എന്‍. മുഹമ്മദ് നാസര്‍, അഡ്വ. പി.പി. മുസ്തഫ എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.