'സമൃദ്ധ കര്‍ഷകന്‍' പദ്ധതി വിജയംസംസ്ഥാനത്ത് വ്യാപിപ്പിക്കും- തൊഗാഡിയ

Wednesday 15 June 2016 11:52 pm IST

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് ആവിഷ്‌കരിച്ച സമൃദ്ധ കര്‍ഷകന്‍ പദ്ധതി വിജയമാണെന്നും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നും വിഎച്ച്പി അന്തര്‍ദ്ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ട് ഡോ.പ്രവീണ്‍ തൊഗാഡിയ. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പദ്ധതിയുടെ ഭാഗമായി വയനാട്ടില്‍ കര്‍ഷകര്‍ക്ക് ക്ലാസ്സ് സംഘടിപ്പിച്ചത്. കുറഞ്ഞ ചെലവില്‍ ലാഭകരമായി കൃഷി ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ക്ലാസ്സ്. കീടനാശിനികള്‍ ഒഴിവാക്കി പ്രകൃതിയോടിണങ്ങുന്ന കാര്‍ഷിക രീതിയാണ് പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് പകര്‍ന്ന് നല്‍കുന്നതെന്നും തൊഗാഡിയ പറഞ്ഞു. വിഎച്ച്പി പരിഷത്ത് ശിക്ഷാവര്‍ഗ്ഗില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തൊഗാഡിയയുടെ കാര്‍ഷിക പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജൈവവളമായ ജീവാമൃതം ഉപയോഗിച്ച് കൃഷി ചെയ്തപ്പോള്‍ ഇരട്ടിയിലേറെ വിളവെടുപ്പ് ലഭിച്ചതായി വയനാട് മുള്ളന്‍കൊല്ലിയിലെ കര്‍ഷകനായ പി.എസ്. പ്രകാശന്‍ പറഞ്ഞു. വിളവെടുപ്പ് കുറഞ്ഞതും കൃഷി നഷ്ടമായതും കാരണം കടത്തിലായിരുന്നു. വിഎച്ച്പി പ്രവര്‍ത്തകനല്ലാത്ത താന്‍ ഒരു കൗതുകത്തിനാണ് ക്ലാസ്സില്‍ പങ്കെടുത്തത്. തുടര്‍ന്ന് തൊഗാഡിയയുടെ നിര്‍ദ്ദേശപ്രകാരം ശാസ്ത്രീയമായി കൃഷി ചെയ്തപ്പോള്‍ ഫലം ഇരട്ടിയായി. ഇത് തന്റെ ജീവിതം മാറ്റിമറിച്ചെന്നും പ്രകാശന്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം കര്‍ഷകര്‍ക്ക് വിപണനത്തിനുള്ള സംവിധാവും നടപ്പിലാക്കുമെന്ന് ഡോ.തൊഗാഡിയ വ്യക്തമാക്കി. ഇടനിലക്കാരെ ഒഴിവാക്കി പൂര്‍ണമായും കര്‍ഷകര്‍ക്ക് ലാഭം കിട്ടുന്ന തരത്തിലാകും ഇത് നടപ്പിലാക്കുക. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആഗസ്തില്‍ വയനാട്ടില്‍ വരും. എല്ലാ ഗ്രാമങ്ങളിലും കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് വിഎച്ച്പി നേതൃത്വം നല്‍കും. കര്‍ഷകര്‍ക്ക് മികച്ച വരുമാനമുണ്ടാക്കുന്ന രീതിയില്‍ കാര്‍ഷിക മേഖല വളരുകയാണ് ലക്ഷ്യം. സമൃദ്ധരായ കര്‍ഷകര്‍, സമൃദ്ധരായ കൃഷി, സമൃദ്ധമായ രാജ്യം എന്ന മുദ്രാവാക്യത്തോടെയാണ് രാജ്യമെങ്ങും കാര്‍ഷിക മേഖലയെ വിപുലപ്പെടുത്താനുള്ള പദ്ധതി വിഎച്ച്പി ആരംഭിച്ചത്. കര്‍ഷക കുടുംബത്തിലെ അംഗമായ തനിക്ക് അവിടെ നിന്നും ലഭിച്ച അറിവാണ് കര്‍ഷകരിലേക്ക് എത്തിക്കാന്‍ സഹായകമാകുന്നതെന്നും തൊഗാഡിയ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.