പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും

Wednesday 15 June 2016 11:56 pm IST

തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ മങ്കൊമ്പ്, ചെന്നിത്തല മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് മൃഗസംരക്ഷണ മന്ത്രി കെ.രാജു മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗം ബാധിക്കുന്ന താറാവുകള്‍ക്ക് മൃഗഡോക്ടര്‍മാരെ നിയോഗിച്ച് അടിയന്തര ചികിത്സ നല്‍കണം. രോഗബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് വെറ്ററിനറി പോളിക്ലിനിക്കില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ മേഖലയിലെ താറാവുകളുടെ വിവരശേഖരണം നടത്തണമെന്നും അവയുടെ എണ്ണം, കുത്തിവയ്പ്പ് നടത്തിയതിന്റെ വിശദാംശങ്ങള്‍, മറ്റുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിന്റെ വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കണമെന്നും വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അറിവോടുകൂടി മാത്രമേ താറാവുകളെ കൂട്ടമായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ പാടുള്ളൂവെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. താറാവുകള്‍ക്കായുള്ള ഇന്‍ഷ്വറന്‍സ് പ്രീമിയം തുക വരുംവര്‍ഷങ്ങളില്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. താറാവു കര്‍ഷകര്‍ക്കായി ഈ മാസം 23 ന് മാവേലിക്കരയില്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.