കൊല്ലം കളക്ടറേറ്റ് വളപ്പില്‍ ബോംബ് സ്‌ഫോടനം

Thursday 16 June 2016 12:11 am IST

 

സ്‌ഫോടനസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുന്നു

കൊല്ലം: കൊല്ലം കളക്ടറേറ്റ് പരിസരത്ത് ഉഗ്രസ്‌ഫോടനം. ഇന്നലെ രാവിലെ 10.45 നായിരുന്നു സംഭവം. സംസ്ഥാനത്ത് അത്യപൂര്‍വമായ, ടൈമര്‍ ഘടിപ്പിച്ച ബോംബാണ് ഉപയോഗിച്ചത്. സംഭവം ആസൂത്രിതമാണെന്ന് വിശദീകരിയ്ക്കുന്ന പോലീസ് ഭീകര-തീവ്രവാദ ബന്ധങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല. കളക്ടറേറ്റിലെ ക്യാമറകള്‍ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ല. പരിസരത്തുനിന്ന് 15 ബാറ്ററികളും 17 ഫ്യൂസും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ലഭിച്ചിട്ടുണ്ട്.

മാവോയിസ്റ്റുകളോ ഏതെങ്കിലും തീവ്രവാദ സംഘടനകളോ നടത്തിയ പരീക്ഷണ സ്‌ഫോടനമാകാമെന്നാണ് സംശയിയ്ക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാട്രഷറിക്ക് പുറകുവശത്ത് മുന്‍സിഫ് കോടതിക്ക് മുന്നിലായി ഉപയോഗിക്കാതെ ഇട്ടിരുന്ന തൊഴില്‍വകുപ്പിന്റെ കെഎല്‍-1 ജി 603 എന്ന ജീപ്പിന്റെ സമീപത്തായിരുന്നു സ്‌ഫോടനം. പരിസരത്തു നിന്ന കുണ്ടറ പേരയം സ്വദേശി സാബുവിന് മുഖത്ത് പരിക്കേറ്റു.

പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ വിചാരണ നടക്കുന്ന വേളയില്‍ നടന്ന സ്‌ഫോടനത്തിന് ആ കേസുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കളക്ടറേറ്റിലെ ക്യാമറകള്‍ പ്രവര്‍ത്തിയ്ക്കാഞ്ഞത് യാദൃച്ഛികമാണെന്നു കരുതാനും പോലീസ് തയ്യാറല്ല.
അലുമിനിയം പൗഡറും ഗണ്‍ പൗഡറും ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റീല്‍ ബോംബ് ടൈമര്‍ ഉപയോഗിച്ചാണ് പൊട്ടിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നു 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും ബാഗും പോലീസ് കണ്ടെടുത്തു. കുട്ടികള്‍ ഉപയോഗിക്കുന്ന ടിന്‍ ബോക്‌സില്‍ ഘടിപ്പിച്ച നിലയിലായിരുന്നു ബോംബ് വച്ചിരുന്നത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റ സാബു

കളക്ടറേറ്റ് പരിസരത്ത് നൂറുകണക്കിന് ജനങ്ങള്‍ എത്തുന്ന സമയത്തുണ്ടായ സ്‌ഫോടനം പരിഭ്രാന്തി പരത്തി. മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു. കോടതിയില്‍ എത്തിയ പോലീസുകാരും കളക്ടറേറ്റിലെത്തിയവരും ജീവനക്കാരും ശബ്ദംകേട്ട ഭാഗത്തേക്ക് ഓടി എത്തുകയായിരുന്നു. അപ്പോഴേക്കും കളക്ടറേറ്റ് പരിസരം പൊടിപടലങ്ങളും പുകയും കൊണ്ട് നിറഞ്ഞു. സ്‌ഫോടന സമയത്ത് വന്‍ തീഗോളം ഉണ്ടായതായും മീറ്ററുകളോളം ഉയരത്തിലായിരുന്നു തീഗോളത്തിന്റെ തീവ്രതയെന്നും വെടിമരുന്നിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കോടതി സമുച്ചയവും കളക്ടറേറ്റിനുള്ളിലായിരുന്നതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ സംഭവസ്ഥലത്ത് എത്തി നിയന്ത്രണം ഏറ്റെടുത്തു. വെള്ളിയാഴ്ച പുതിയ കാര്‍ അനുവദിച്ചതിനാല്‍ ഷെഡില്‍ കിടന്ന ഡിപ്പാര്‍ട്ടുമെന്റ്ജീപ്പ് സമീപത്ത് തന്നെമാറ്റി പാര്‍ക്ക് ചെയ്യുകയായിരുന്നു.

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായ പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും കളക്ടറേറ്റ് പരിസരത്ത് അന്വേഷണം നടത്തി. കൊല്ലം എസിപി: ലാല്‍ജി, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി: റക്‌സ് ബോബി അര്‍വിന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടീം തിരിച്ചായിരുന്നു പ്രാഥമിക അന്വേഷണം.
കാക്കനാട്ടെ സ്‌ഫോടനം; അന്വേഷണം എങ്ങുമെത്തിയില്ല

കൊച്ചി: ഏഴ് വര്‍ഷം മുമ്പ് എറണാകുളത്തെ കാക്കനാട് കളക്ടറേറ്റില്‍ നടന്ന സ്‌ഫോടനത്തിന് സമാനമായ സംഭവമാണ് ഇന്നലെ കൊല്ലത്തുണ്ടായത്. 2009 ജൂലൈ 10 നാണ് കാക്കനാട്ടെ കളക്ടറേറ്റിലെ അഞ്ചാം നിലയില്‍ ബോംബ് സ്‌ഫോടനം ഉണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും എങ്ങുമെത്തിയില്ല..

തടിയന്റവിട നസീറിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ സംഘടനയും സംശയത്തിന്റെ നിഴലിലായിരുന്നു. എറണാകുളം കളക്ടറേറ്റിലെ സ്‌ഫോടനത്തിന് ശേഷമാണ് എല്ലാ ജില്ലാ ഭരണകേന്ദ്രങ്ങളിലും സുരക്ഷ കര്‍ശനമാക്കി ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. എന്നാല്‍, സ്‌ഫോടനം നടക്കുമ്പോള്‍ കൊല്ലത്തെ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.

ആസൂത്രിതം: ഐജി

കൊല്ലം: കൊല്ലം കളക്ടറേറ്റിലുണ്ടായത് വീര്യം കുറഞ്ഞ ബോംബ് സ്‌ഫോടനം തന്നെയാണെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. ബോംബ് സ്‌ഫോടനം നടന്ന കളക്ടറേറ്റ് പരിസരം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി.
ഒരു സാധാരണ വ്യക്തിക്ക് നിര്‍മ്മിക്കാന്‍ കഴിയാത്ത രീതിയിലുള്ള ബോംബാണ് ഉപയോഗിച്ചിരിക്കുന്നത്.

നിര്‍മ്മാണരീതി സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും അതിനാല്‍ ആസൂത്രണം തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എതെങ്കിലും ഒരു തീവ്രവാദസംഘടനക്ക് ഇതുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ആസൂത്രിതമാണെന്ന മറുപടിയാണ് ഐജി നല്‍കിയത്. സംഭവം കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിദഗ്ദ്ധര്‍ അടങ്ങുന്ന ഏഴംഗ ടീം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.