മുന്‍ സര്‍ക്കാരിന്റെ 47 ഉത്തരവുകള്‍ ചട്ടം ലംഘിച്ചെന്ന് ഉപസമിതി

Thursday 16 June 2016 12:21 am IST

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവുകളില്‍ ഭൂരിഭാഗവും നിയമം ലംഘിച്ചെന്ന് മന്ത്രിസഭാ ഉപസമിതി. റവന്യൂ വകുപ്പിന്റെ 127 ഉത്തരവുകളാണ് ഉപസമിതി പരിശോധിച്ചത്. ഇതില്‍ 47 ഉത്തരവുകള്‍ ക്രമവിരുദ്ധമാണെന്നു കണ്ടെത്തി. ചെമ്പ്, ഹോപ്പ്, കരുണ, മെത്രാന്‍ കായല്‍ എന്നീ ഭൂമിയിടപാടു സംബന്ധിച്ച ഉത്തരവുകളില്‍ നിയമം ലംഘിക്കപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ പുനഃപരിശോധിക്കാനാണ് മന്ത്രി എ.കെ. ബാലനെ അധ്യക്ഷനാക്കി ഉപസമിതി രൂപീകരിച്ചത്. ഉത്തരവുകളെ സംബന്ധിച്ച് വകുപ്പുതല സെക്രട്ടറിയോടും ചീഫ് സെക്രട്ടറിയോടും വിശദമായ റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. എന്തു നടപടി കൈക്കൊള്ളണമെന്ന് ഇതിനുശേഷമാകും മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുക. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കെ സ്വകാര്യ കമ്പനിയായ പോബ്‌സന്റെ ഉടമസ്ഥതയിലുള്ള കരുണ എസ്‌റ്റേറ്റിന് കരം അടയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ നടപടിയാണ് വിവാദമായത്. കോട്ടയം, എറണാകുളം ജില്ലകളിലായി 467 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന മെത്രാന്‍ കായല്‍ നികത്തി വിനോദസഞ്ചാര പദ്ധതിയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ഇടുക്കിയിലെ പീരുമേട് പഞ്ചായത്തില്‍ മിച്ചഭൂമിയെന്നു കണ്ടെത്തിയ 750 ഏക്കര്‍ ഭൂമിയാണ് ഹോപ് പ്ലാന്റേഷന് നല്‍കി ഉത്തരവിറക്കിയത്. ഉപസമിതി കണ്ടെത്തിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന പൊതുഅഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ഉപസമിതി ആവശ്യപ്പെട്ടു. നിയമ വകുപ്പുമായി കൂടിയാലോചിച്ച ശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനും ഉപസമതി യോഗം തീരുമാനിച്ചു. വിവാദ ഉത്തരവുകളില്‍ ചിലത് കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.മുന്‍ സര്‍ക്കാരിന്റെ 47 ഉത്തരവുകള്‍ ചട്ടം ലംഘിച്ചെന്ന് ഉപസമിതി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.