കുട്ടനാട് : പുതിയ പോളവാരല്‍ യന്ത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കുട്ടനാട്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം വാങ്ങിയിരിക്കുന്ന പോള വാരല്‍ യന്ത്രത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണു കുട്ടനാട്ടുകാര്‍.
സ്വീഡനിലെ ഡോര്ട്ടിയ മെക്കാനിക്ക എന്ന സ്ഥാപനം വികസിപ്പിച്ചു വിപണിയില്‍ ഇറക്കിയിരിക്കുന്ന ആംഫീബിയന്‍ വീഡ് ഹാര്‍വെസ്റ്റര്‍ എന്ന പോളവാരല്‍ യന്ത്രമാണു കുട്ടനാട്ടിലെ ജലാശയങ്ങളിലെ പോള നീക്കം ചെയ്തു തുടങ്ങിയിരിക്കുന്നത്. യന്ത്രത്തിന്റെ പ്രധാനഭാഗത്തിന് 75 ലക്ഷം രൂപയും മറ്റു ഘടകങ്ങള്‍ക്ക് 1.5 മുതല്‍ ഒന്‍പത് ലക്ഷം രൂപവരെയാണു വില. കരയിലും വെള്ളത്തിലും ഒരേപോലെ പ്രവര്‍ത്തിപ്പിക്കാമെന്ന പ്രത്യേകതയും യന്ത്രത്തിനുണ്ട്.
യന്ത്രത്തിന്റെ ഇരു വശത്തുമുള്ള ട്രാക് ചെയിന്‍ സംവിധാനം ഉപയോഗപ്പെടുത്തിയാണു യന്ത്രം കരയിലും വെള്ളത്തിലും പ്രവര്‍ത്തിപ്പിക്കുന്നത്. യന്ത്രത്തില്‍ റേയ്ക്ക് ടൂള്‍ ഘടിപ്പിച്ചു പോളവാരുന്നതിനും ബ്ലേഡ് ഉപയോഗിച്ചു കളകളും മറ്റു ജലസസ്യങ്ങളും വേരോടുകൂടി വെള്ളത്തിന്റെ അടിയില്‍ വച്ചുതന്നെ മുറിച്ചെടുക്കാനും പോള വാരുന്ന റേയ്ക്ക് ഉപയോഗിച്ച് ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇവ കൂട്ടിവയ്ക്കാനും സാധിക്കും.
യന്ത്രത്തിനു വലുപ്പക്കുറവായതിനാല്‍ കുട്ടനാട്ടിലെ ഇടത്തോടുകളില്‍ അടക്കം കടന്നു ചെല്ലാനും പോളവാരാനും സാധിക്കും. റോഡ് മാര്‍ഗവും ജലമാര്‍ഗവും സഞ്ചരിക്കാന്‍ സാധിക്കുന്നതിനാല്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് അടക്കം യന്ത്രത്തിനു വളരെപ്പെട്ടെന്നു ചെല്ലാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: