കുട്ടികളിലെ ലഹരി ഉപയോഗം തടയല്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും മുഖ്യപങ്ക്

Thursday 16 June 2016 8:44 pm IST

പത്തനംതിട്ട: വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയാന്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രധാന പങ്കുവഹിക്കാനാകുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് പറഞ്ഞു. പത്തനംതിട്ട മര്‍ത്തോമ്മാ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരു പ്രശ്‌നം ഉണ്ടെന്ന് സമ്മതിക്കുകയാണ് സ്‌കൂള്‍ അധികൃതരും അദ്ധ്യാപകരും ആദ്യം ചെയ്യേണ്ടത്. കുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുകയും വേണം. അതിനും പുറമേ ലഹരി വസ്തുക്കള്‍ സ്‌കൂളുകളിലെത്തുന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. സ്‌കൂളിന് ചീത്തപ്പേരുണ്ടാകുമെന്ന് ഭയന്ന് പുറത്തുപറയാതിരുന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂ. കുട്ടികളില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെടുക്കുന്നത് കേസാക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ അക്കാര്യവും എക്‌സൈസ് വകുപ്പ് പരിഗണിക്കും. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തെപ്പറ്റി കുട്ടികള്‍ക്ക് മാതാപിതാക്കളോട് തുറന്നുപറയത്തക്ക ബന്ധം വളര്‍ത്തണം. കുട്ടികളുടെ ലഹരി ഉപയോഗം ആദ്യം അറിയാനും തടയാനും അമ്മമാര്‍ക്ക് കഴിയും. ഇക്കാര്യത്തില്‍ അദ്ധ്യാപകര്‍ക്കും അദ്ധ്യാപക രക്ഷാകര്‍ത്തൃ സംഘടനകള്‍ക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാനാകും. കൗതുകത്തിന്റെ പേരില്‍ ഒരുവട്ടം ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ പിന്നീട് അതിന് അടിമകളായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവും ഋഷിരാജ് സിങ് വിതരണം ചെയ്തു. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടിയേകി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിന് വിവരം ശേഖരിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും എക്‌സൈസ് വകുപ്പ് പരാതിപ്പെട്ടി സ്ഥാപിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ജനപ്രതിനിധികളുമായും സാമൂഹ്യ പ്രവര്‍ത്തകരുമായും സംസാരിക്കവേയാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും സംബന്ധിച്ച് വിവരം നല്‍കാന്‍ ജനങ്ങള്‍ താല്‍പര്യം കാണിക്കുന്നില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തിലെത്തുന്നുണ്ട്. ചെക്ക് പോസ്റ്റുകളില്‍ എല്ലാ വാഹനവും പരിശോധിക്കുന്നതിന് എക്‌സൈസ് വിഭാഗത്തിന് ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധനയ്ക്ക് സ്‌കാനിംഗ്-എക്‌സ്‌റേ മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങും. പത്തനംതിട്ടയില്‍ ലഹരി വില്‍പ്പനയും വ്യാജവാറ്റും തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഹരി വില്‍പ്പന സംബന്ധിച്ച വിവരം തന്റെ 9447178000 എന്ന നമ്പരില്‍ നേരിട്ടറിയിക്കാമെന്ന് കമ്മീഷണര്‍ അറിയിച്ചു. സ്‌കൂള്‍ പരിസരങ്ങളിലും ജില്ലയിലെ മറ്റു ചില ഭാഗങ്ങളിലും ആയുര്‍വേദ കഷായത്തിന്റെ മറവില്‍ ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിന് പി.റ്റി.എയുടെയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും യോഗം വിളിക്കുമെന്ന് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. നഗരസഭ അധ്യക്ഷ രജനി പ്രദീപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജി അനിത, ലീലാ മോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപി, എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ പി.കെ മനോഹരന്‍, വ്യാജമദ്യനിയന്ത്രണ സമിതി അംഗങ്ങളായ കുഞ്ഞൂഞ്ഞമ്മ കുഞ്ഞ്, വാളകം ജോണ്‍, ഭേഷജം പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.