ശക്തമായ കാറ്റില്‍ വ്യാപക നാശം

Thursday 16 June 2016 9:07 pm IST


ആലപ്പുഴ/അമ്പലപ്പുഴ/എടത്വ: ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ജില്ലയില്‍ പലയിടങ്ങളിലും നാശനഷ്ടം. മരങ്ങള്‍ വീണ് വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഇന്നലെ രാവിലെ ഏഴരയോടെയാണ് ശക്തമായ കാറ്റുണ്ടായത്. ആലപ്പുഴ നഗരത്തില്‍ വഴിച്ചേരി, മട്ടാഞ്ചേരി പാലം, സൗത്ത് പോലീസ് സ്റ്റേഷന്‍ പരിസരം, പിആന്റ്ടി ക്വാര്‍ട്ടേഴ്‌സ്, തുമ്പോളി, വട്ടയാല്‍, വലിയചുടുകാട്, തലവടി തുടങ്ങിയ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കഞ്ഞിക്കുഴിക്കടുത്ത് കാറിനു മുകളിലേക്ക് മരത്തിന്റെ ശിഖരം വീണെങ്കിലും ആളപായമില്ല. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കുട്ടനാട്ടിലും കാറ്റ് നാശം വിതച്ചു. രാമങ്കരി, മാമ്പുഴക്കരി എന്നിവിടങ്ങളിലായി 20ഓളം വീടുകളാണ് മരങ്ങള്‍ വീണ് തകര്‍ന്നത്.

ശക്തിയായ കാറ്റില്‍ എടത്വാ-വീയപുരം റോഡില്‍ മങ്കോട്ടചിറ ഭാഗത്തുനിന്ന വന്‍മരങ്ങള്‍ കടപുഴകി വീണനിലയില്‍

പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ വരാടി തയ്യില്‍ മുരളി, എട്ടാം വാര്‍ഡില്‍ ചേക്കാത്തറ വീട്ടില്‍ പൊടിയന്‍, അമ്പലപ്പുഴ വടക്കു പഞ്ചായത് മൂന്നാം വാര്‍ഡ് വണ്ടാനംകണ്ടത്തില്‍ ചന്ദ്രശേഖരന്‍ (ശാന്തന്‍) എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഇന്നലെ 7.30യോടെ ശക്തമായ കൊടുങ്കാറ്റടിക്കുകയും തുടര്‍ന്ന് വീടിന് സമീപം പിന്‍ഭാഗത്തായി മറ്റൊരാളുടെ പുരയിടത്തില്‍ നിന്ന ചില്ലിതെങ്ങ് പൊടിയന്റെ വീടിന്റെ മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. പൊടിയനും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. തെങ്ങില്‍ ഉണ്ടായിരുന്ന തേങ്ങാക്കുലകള്‍ ഉള്‍പ്പടെ വീടിന് മുകളില്‍ വീണ് മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഭാഗികമായി തകരുകയായിരുന്നു. തടി അലമാര, കസേര, ഉള്‍പ്പടെ വീട്ടുപകരണങ്ങളും തകര്‍ന്ന് നാമാവശേഷമായി. ഒരുലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.

മാവേലിക്കര പോലീസ് ക്വാര്‍ട്ടേഴ്‌സിനു മുകളിലേക്ക് മരം വീണപ്പോള്‍

ശക്തിയായി വീശിയടിച്ച കാറ്റില്‍ സമീപത്തെ പ്ലാവ് കടപുഴകി മുരളിയുടെ വീടിനു മുകലില്‍ വീഴുകയായിരുന്നു. അടുക്കളയുടെ ഷീറ്റ്, ഓട്, തടിയുപകരണങ്ങള്‍, മിക്‌സി, സ്റ്റൗ എന്നിവ തകര്‍ന്നു. സമീപത്തെ മഹാഗണി വൃക്ഷം മറിഞ്ഞ് ചന്ദ്രശേഖരന്റെ വീടിന്റെ കൈവരി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
എടത്വായിലും വ്യാപക നാശം. രാവിലെ എട്ടുമണിയോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് എടത്വായിലും പരിസര പ്രദേശങ്ങളിലും വ്യാപകനാശം നേരിട്ടത്. കോഴിമുക്ക്-വേണാട്ട് ജോസ് ദേവസ്യായുടെ പുരയിടത്തിലെ ആഞ്ഞിലിമരം കടപുഴകിവീണ് ആറ്റുതീരത്തെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. എടത്വാ-വീയപുരം റോഡില്‍ മങ്കോട്ടചിറ ഭാഗത്തുനിന്ന മൂന്ന് വന്‍വ്യക്ഷങ്ങള്‍ കടപുഴകി വീണ് മാലിപ്പുറം പീലിച്ചന്റെ മതില്‍ തകര്‍ന്നു. റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പാണ്ടങ്കരി, കോഴിമുക്ക്, മങ്കോട്ടചിറ ഭാഗങ്ങളില്‍ മരം കടപുഴകിവീണ് ഗതാഗതവും വൈദ്യുതി ബന്ധവും വിശ്ചേദിക്കപ്പെട്ടു. കടപ്പുറം ലൈനും, എടത്വാ കെ.എസ്.ഇ.ബിയുടെ സെക്ഷന്‍ ലൈനും തകര്‍ന്നു. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കാന്‍ വേണ്ടി രാത്രിവൈകിയും ജീവനക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. കരകൃഷിക്കും വ്യാപകനാശം സംഭവിച്ചു. വിളവെടുപ്പടുത്ത ഏത്തവാഴ കൃഷിയും, പച്ചക്കറി കൃഷിയും കാറ്റില്‍ നിലംപൊത്തിയിട്ടുണ്ട്. രണ്ടുദിവസത്തെ തെളിഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് നിനച്ചിരിക്കാതെയാണ് ഇന്നലെ കാറ്റും മഴയും ശക്തിപ്രാപിച്ചത്. പുലര്‍ച്ചേ മുതല്‍ മഴപെയ്യാന്‍ തുടങ്ങിയെങ്കിലും എട്ടുമണിയോടുകൂടിയാണ് പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞടിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.