കൊല്ലം കളക്ടറേറ്റ് സ്‌ഫോടനത്തിനു പിന്നില്‍ തീവ്രവാദ സംഘടന

Thursday 16 June 2016 11:20 pm IST

സ്‌ഫോടനസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുന്നു

കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്ന നിഗമനത്തിലാണ് പോലീസ്. ഭീകരവിരുദ്ധ നിയമപ്രകാരം കേസില്‍ യുഎപിഎ ചുമത്തും. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പന്ത്രണ്ടോളം പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

സ്‌ഫോടനസമയത്തിന് ശേഷവും കളക്ടറേറ്റ് പരിസരത്ത് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് പോലീസ്്. അറുപത് സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള ടൈമറാണ് തീവ്രവാദികള്‍ ഉപയോഗിച്ചിരിക്കുന്നതെന്നതാണ് പ്രാഥമികനിഗമനം. ഈ സാഹചര്യം പരിശോധിച്ച പോലീസ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒന്നിലധികം പേരാണെന്നും കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനവും നേതാക്കളും നിരീക്ഷണത്തിലാണ്. മത തീവ്രവാദ സംഘടനകള്‍ക്ക് പുറമേ ഡിഎച്ച്ആര്‍എമ്മും നിരീക്ഷണത്തിലുണ്ട്.

ബോംബ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ബാറ്ററിയും ഫ്യൂസ് വയറുകളും അവശിഷ്ടങ്ങളും വിദഗ്ദ്ധസംഘം പരിശോധിക്കുന്നുണ്ട്. ലോക്കല്‍ പോലീസിനെ കൂടാതെ എന്‍ഐഎയുടെ ഒരു സംഘം കൊല്ലത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചു. ബോംബ് നിര്‍മ്മാണത്തിന്റെ രീതിയാണ് തീവ്രവാദ സംഘടനകളിലേക്ക് കേസ് അന്വേഷണം വിരല്‍ ചൂണ്ടാന്‍ കാരണമായിരിക്കുന്നത്.
കളക്ടറേറ്റിന്റെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രധാന വാതില്‍ ഒഴിച്ച് അകത്ത് പ്രവേശിക്കാവുന്ന മറ്റ് വാതിലുകള്‍ പോലീസ് അടച്ചു. കളക്ടറേറ്റ് പരിസരം കേന്ദ്രീകരിച്ച് മഫ്തിയില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബുധനാഴ്ച രാവിലെ 10.45 നാണ് കളക്ടറേറ്റ് പരിസരത്ത് ഉഗ്രസ്‌ഫോടനം ഉണ്ടായത്. കളക്ടറേറ്റില്‍ സ്‌ഫോടനം നടന്ന സ്ഥലം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. ജി.എസ്.ജയലാല്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.