ചക്ക കൊണ്ട് 40 വിഭവങ്ങള്‍

Friday 17 June 2016 10:52 am IST

കോഴിക്കോട്: കീടനാശിനിയുടേയും രാസവളങ്ങളുടേയും ഒരംശം പോലുമില്ലാതിരുന്നിട്ടും കേരളീയ ഗ്രാമങ്ങളില്‍ ആര്‍ക്കും വേണ്ടാതെ വീണു നശിക്കുന്ന ചക്കയ്ക്ക് നല്ല കാലത്തിന്റെ പ്രത്യാശ നല്‍കി 35 പേര്‍ ഇന്ന് 40 തരം ചക്കവിഭവങ്ങളുണ്ടാക്കുന്നതിന്റെ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കാനറാബാങ്ക് ആവിഷ്‌ക്കരിച്ച റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ആര്‍സെറ്റി) മാത്തറയിലുള്ള കേന്ദ്രത്തില്‍ നിന്നാണ് ഒരാഴ്ചത്തെ സൗജന്യ പരിശീലനം കഴിഞ്ഞ് ഇവര്‍ പുറത്തിറങ്ങുന്നത്. ഇവരുണ്ടാക്കിയ ചക്ക വിഭവങ്ങള്‍ ഇന്ന് വൈകിട്ട് 3 മണിക്ക് ആര്‍സെറ്റി മാത്തറ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും. ചക്ക ചിപ്‌സ്, മിക്‌സ്ചര്‍, ജാം, ജെല്ലി, നെക്റ്റര്‍, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്കക്കുരുപുട്ട്, ചക്കക്കുരു അച്ചാര്‍, ഊന്‍ഫ്രൈ, ചവിണിഫ്രൈ, ചക്കപ്പായസം, ചക്കഹലുവ തുടങ്ങിയ വിഭവങ്ങളുണ്ടാക്കുന്ന പരിശീലനമാണ് ഇവര്‍ നേടിയത്. ഗ്രാമീണ ഉല്‍പ്പന്ന നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയ ഒളവണ്ണ സ്വദേശി എന്‍.എം. പ്രിയംവദനാണ് പരിശീലകന്‍.പരിശീലനം നേടിയവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ കാനറാബാങ്ക് തുടര്‍ന്നും സഹായം നല്‍കുമെന്ന് ആര്‍സെറ്റി ഡയറക്ടര്‍ ടി.കൃഷ്ണനുണ്ണി അറിയിച്ചു. ചക്ക ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ മാത്രമല്ല അവ കേടുകൂടാതെ സൂക്ഷിക്കുന്നതിനും യന്ത്രങ്ങളുടെ ലഭ്യതയെകുറിച്ചും മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.