വായന കണ്ടെത്തുന്ന ജ്ഞാനഭൂഖണ്ഡം

Friday 19 May 2017 2:23 pm IST

ഓര്‍മയുണ്ടാവും നമുക്ക്,ഒരു പുസ്തകം തന്ന നിധി. ഒരു വായന തന്ന സൗഖ്യം. അന്ന് പക്ഷേ വായനയുടെ നാട്ടിന്‍ പുറങ്ങളുണ്ടായിരുന്നു. വായനശാലയും ലൈബ്രറിയും എന്നപേരില്‍. വിരല്‍ത്തുമ്പിലെ ഇന്നത്തെ വിജ്ഞാനത്തിനു പകരം വായിച്ച് മനസിലിരുത്തുന്നതായിരുന്നു അത്. ഇന്ന് എല്ലാം എളുപ്പമായതുകൊണ്ടാവണം ഒന്നിനും അങ്ങോട്ട് ആക്കം ഉണ്ടാകാത്തത്. പണ്ട് എന്തും ഓര്‍മയില്‍ സൂക്ഷിക്കണം. ഇന്നു ഓര്‍മ ശൂന്യമാക്കി നെറ്റില്‍ നിന്നും ചൂണ്ടാമെന്നു വന്നിരിക്കുന്നു. ഗ്രാമങ്ങള്‍ ആവേശത്തില്‍ നഗരങ്ങളാകാനുള്ള തിരക്കില്‍ വായനയുടെ നാട്ടിന്‍ പുറങ്ങളും മാറിമറിഞ്ഞു. പക്ഷേ എല്ലാറ്റിനും എന്നപോലെ വായന പുതിയവേഷംകെട്ടി. വിജ്ഞാനം ചില വിഷയങ്ങളില്‍മാത്രമായി പണ്ടൊതുങ്ങിയെങ്കില്‍ ഇന്നതു വിവിധങ്ങളായ വിഷയങ്ങളായി വിതരണം ചെയ്യപ്പെടുന്നു. ഇന്നു വായനാദിനം ആഘോഷിക്കുമ്പോള്‍ ഒപ്പംകൂട്ടിരിക്കേണ്ട ഒരു പേരുകൂടിയുണ്ട്,പിഎൻ പണിക്കര്‍. വായനയുടെ ഗുരുത്വവുംകൊണ്ട് ഗ്രന്ഥശാലാ പ്രസ്ഥാനവുമായി നാട്ടിലെമ്പാടും വിജ്ഞാന വിതരണത്തിന്റെ ആശാന്‍കൈയായിമാറിയ അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ 19 വായനാ ദിനമായി നാം കൊണ്ടാടുന്നു. അന്നുമുതല്‍ വായനാവാരം. വായനയെ നിതാന്ത ജാഗ്രതയാക്കി കേരളം മുഴുവന്‍ പുസ്തകങ്ങളുടെ മഹത്വവും വായനയുടെ പുണ്യവും മലയാളിയെ ബോധ്യപ്പെടുത്താന്‍ ഓടി നടക്കുകയായിരുന്നു പണിക്കര്‍. ഇന്നുകേരളം മുഴുവനും വായനാവാരമെന്ന അക്ഷരോത്സവം കൊണ്ടാടുമ്പോള്‍ സാഫല്യമാകുന്നത് പണിക്കരുടെ ജന്മമാണ്. പുസ്തകങ്ങളില്‍ അക്ഷരങ്ങളും വാക്കുകളുമായി ജീവിക്കുന്നത് ചരിത്രവും സംസ്‌ക്കാരവും ജ്ഞാനവും പ്രസരിപ്പിക്കുന്ന അനുഭൂതികളുടെ അനാതിര്‍ത്തിയുള്ള ലോകമാണ്. പുസ്തകത്തെ തൊടുമ്പോള്‍ ഒരു ഹൃദയത്തെ തൊടുന്നു.വായിക്കുമ്പോള്‍ ഒരുലോകത്തെ വായിക്കുന്നു. പുസ്തകങ്ങള്‍ മരിക്കുന്നില്ല. അക്ഷരം ആ വാക്കുപോലെ തന്നെ അനശ്വരമാണ്. കര കണ്ടെത്താന്‍ ക്രിസ്റ്റഫസ് കൊളമ്പസ് കപ്പലോടിച്ചപോലെ ജ്ഞാന സാഗരത്തിലെ കപ്പലുകളാണ് നാം വായിക്കുന്ന പുസ്തകങ്ങള്‍. അവയിലൂടെ നാംകണ്ടെത്തുന്നത് പുതുലോകത്തിന്റെ കരകളും‍. ഒരു പക്ഷേ പ്രണയത്തോളം തന്നെ വ്യാഖ്യാനങ്ങളുള്ളതായിരിക്കണം വായനയും. പുസ്തക പ്രസാധനം വലിയ ബിസിനസാണ്. വലുതാണ് നമ്മുടെ പുസ്തകക്കമ്പോളം. നമ്മുടെ കൊച്ചു കേരളവും പുസ്തകങ്ങളുടെ പ്രസാധനത്തിലും വിഷയ വൈവിധ്യത്തിലും പക്ഷേ,വലുതാണ്. വായനയുടെ ബഹുസ്വരതയും നമുക്കുണ്ട്. ലോകം അറിയുന്ന പുസ്തകങ്ങള്‍ എവിടെ അച്ചടിച്ചാലും അവയുടെ തര്‍ജമ താമസിയാതെ നമ്മുടെ ഭാഷയില്‍ ഇറങ്ങുന്നുണ്ട്. വിവര്‍ത്തന സാഹിത്യമെന്ന ഒരു സാഹിത്യ ശാഖതന്നെ ഉടലെടുത്തു കഴിഞ്ഞു നമ്മുടെ നാട്ടില്‍. ഷാര്‍ജ, ഫ്രാങ്ക്ഫര്‍ട്ട് ലോക പുസ്തക മേളകളില്‍ മലയാളത്തിന്റെ സാന്നിധ്യമുണ്ട്. നമ്മുടെ സാഹിത്യം മാത്രമല്ല വിവരവിതരണ ശാഖകളെല്ലാം തന്നെ സമ്പന്നമാണ്. ദേശങ്ങള്‍ വെട്ടിപ്പിടിക്കുമ്പോള്‍ അവിടത്തെ ലൈബ്രറിയും പുസ്തകക്കൂട്ടങ്ങളും കത്തിച്ച പടനായകരുണ്ടാകാം എന്നാല്‍ അത്തരക്കാരെക്കാളും പുസ്തകത്തെ ആരാധിച്ച പടനായകരാണ് ഏറെയും. താന്‍ ചക്രവര്‍ത്തിയല്ലാതിരുന്നുവെങ്കില്‍ പുസ്തക സൂക്ഷിപ്പുകാരനായിത്തീരുമായിരുന്നെന്നു പറഞ്ഞത് ലോകം സ്വന്തം കാല്‍ക്കീഴിലാക്കാന്‍ പരാക്രമം നടത്തിയ നെപ്പോളിയനാണ്. പുനര്‍ജന്മത്തില്‍ ഏതെങ്കിലും പുസ്തക ശാലയുടെ സൂക്ഷിപ്പുകാരനാണ് നെപ്പോളിയന്‍ അല്ലെന്ന് ആരുകണ്ടു. പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഈ വായനാവാരം ധന്യമാകട്ടെ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.