പനി പടരുന്നു: ആശങ്കയോടെ ജനം

Friday 17 June 2016 9:09 pm IST

പറവൂര്‍ താലൂക്കാശുപത്രിയില്‍ പനിയെത്തുടര്‍ന്ന് ചികിത്സ തേടാനെത്തിയവര്‍ നീണ്ട ക്യൂവില്‍

തുറവൂര്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയില്‍ ഭീതിജനകമാംവിധം പനി പടരുന്നു. മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം വൈറല്‍ പനിയടക്കമുള്ള പകര്‍ച്ച വ്യാധികളുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു.
വയലാര്‍, കടക്കരപ്പള്ളി, വെട്ടയ്ക്കല്‍, തുറവൂര്‍, പളളിത്തോട്, കോടംതുരുത്ത് എഴുപുന്ന, വല്ലേത്തോട്, ശ്രീനാരായണപുരം, അരൂര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും തുറവൂര്‍ താലൂക്കാശുപത്രിലും നിത്യേന നൂറു കണക്കിന് പനി ബാധിതരാണ് ചികിത്സ തേടിയെത്തുന്നത്. വയറിളക്കം, വിറയല്‍, തളര്‍ച്ച,ശരീരംവേദന തുടങ്ങിയ രോഗ ലക്ഷണങ്ങളുമായാണ് അധികം പേരും എത്തുന്നത് അഞ്ഞൂറിലേറെ പേരാണ് ദിവസേന തുറവൂര്‍ താലൂക്കാശുപത്രിയില്‍ മാത്രം ചികിത്സ തേടുന്നത്.
ഇതിന്റെ ഇരട്ടിയിലധികം പനി ബാധിതരാണ് സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നത്. കഴിഞ്ഞയിടെ വളമംഗലം പ്രദേശത്ത് എലിപ്പനി കണ്ടെത്തിയെങ്കിലും ആരോഗ്യവകുപ്പിന്റെ അവസരോചിതമായ ഇടപെടല്‍ മുലം രോഗം പടരുന്നത് തടയാന്‍ കഴിഞ്ഞിരുന്നു. വെള്ളക്കെട്ടുകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരിലാണ് പകര്‍ച്ചവ്യാധികള്‍ കുടുതലായി കണ്ടുവരുന്നത്.
പ്രദേശത്ത് കൊതുകു പെരുകുന്നതും ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.ഏതാനും വര്‍ഷം മുമ്പ് നിരവധി പേരുടെ മരണത്തിനും ഒട്ടേറെ ആളുകളെ നിത്യ രോഗികളുമാക്കിയ ചിക്കുന്‍ ഗുനിയ ആദ്യം കണ്ടെത്തിയതും മേഖലയിലാണ്.
ചിക്കന്‍ ഗുനിയ കണ്ടെത്തിയ അതേ സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്. പ്രദേശത്താകമാനമുള്ള തോടുകളിലും മറ്റു ജലാശയങ്ങളിലും ഖര ദ്രവ മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. പള്ളിത്തോട് ചാവടി റോഡിനോട് ചേര്‍ന്നുള്ള തോട്ടില്‍ നൂറുകണക്കിന് ചാക്ക് ഇറച്ചി മാലിന്യങ്ങളാണ് തള്ളിയിരിക്കുന്നത്.
മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്ന തോട് സാംക്രമിക രോഗങ്ങളുടെ പ്രഭവ കേന്ദ്രമായിരിക്കുകയാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാത്ത പക്ഷം മേഖല പകര്‍ച്ച വ്യാധികളുടെ പിടിയിലാകുമെന്ന ആശങ്കയിലാണ് ജനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.