കുമാരമംഗലം : പുളിഞ്ചുവട്-പെരുമ്പിള്ളിച്ചിറ റോഡിലെ ഗട്ടറില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് തുടര്‍ക്കഥയാകുന്നു. ഇന്നലെ ഇവിടെ ഗട്ടറില്‍ വീണ് കാര്‍ വട്ടം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാരനും പരിക്ക് പറ്റി. ഗുരുതരമായി പരിക്കു പറ്റിയ സൈക്കിള്‍ യാത്രക്കാരനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇന്നലെ തന്നെ ഇതേ സ്ഥലത്തുണ്ടായ മറ്റൊരു അപകടത്തില്‍ ഇരുചക്ര വാഹനയാത്രക്കാരനും പരിക്ക് പറ്റിയിരുന്നു. സ്കൂള്‍ കോളേജ് കുട്ടികള്‍ അടക്കം നിരവധി ആളുകള്‍ സഞ്ചരിക്കുന്ന റോഡാണ് അധികൃതരുടെ അനാസ്ഥമൂലം അപകടത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഒരു സ്കൂള്‍ വണ്ടി അപകടത്തില്‍ പെട്ടു മറിഞ്ഞിരുന്നു. കുട്ടികളെ ഇറക്കി തിരിച്ചു വരുമ്പോള്‍ ആയിരുന്നു അപകടം . അതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. ഇരുചക്രവാഹനങ്ങള്‍ മിക്ക ദിവസങ്ങളിലും ഇവിടെ അപകടത്തില്‍ പെടുന്നുണ്ട്. അല്‍ അസര്‍ കോളേജ്, സാന്ദീപനി സ്കൂള്‍, തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണ് ഈ വിധത്തില്‍ അധികൃതരുടെ അനാസ്ഥ മൂലം താറുമാറായി കിടക്കുന്നത്.
റോഡിന്റെ അറ്റകുറ്റ പണികള്‍ തീര്‍ത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പഞ്ചായത്തു പ്രസിഡന്റിന്റേയും വാര്‍ഡ് മെമ്പറുടേയും നേതൃത്വത്തില്‍ പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: