എടിഎം തട്ടിപ്പ് ; അന്വേഷണം അട്ടിമറിക്കപ്പെട്ടു

Friday 17 June 2016 9:18 pm IST

ആലപ്പുഴ: രാജ്യാന്തര മുസ്ലിം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ന്യുജനറേഷന്‍ തട്ടിപ്പ് കേസിന്റെ അന്വേഷണം പോലീസ് ആസൂത്രിതമായി അട്ടിമറിച്ചു. തട്ടിപ്പ് പുറത്തറിഞ്ഞിട്ട് വര്‍ഷം ഒന്നായിട്ടും അന്വേഷണം തുടങ്ങിയിടത്തു തന്നെയാണ്. അന്താരാഷ്ട്ര ബന്ധമുള്ള തട്ടിപ്പിന്റെ അന്വേഷണം ലോക്കല്‍ പോലീസ് അന്വേഷിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ചില മതതീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്നതിനായി അന്വേഷണ ചുമതല എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായതുമില്ല. മുസ്ലിം മതഭീകര സംഘടനകള്‍ ധനസമ്പാദനത്തിനായി നടത്തിയ തട്ടിപ്പിന്റെ ചുരുളുകളാണ് അഴിയാതെ പോയത്. അന്വേഷണം നിലച്ചതായി പോലീസും സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ പതിനഞ്ചിന് പുന്നമടയിലെ ഒരു പ്രമുഖ റിസോര്‍ട്ടിലെ ഫ്രണ്ട് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്ന ചാലക്കുടി വാലക്കുളം കരിപ്പായി വീട്ടില്‍ ജിന്റോ ജോയി (30)യെ കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയതോടെയാണ് വന്‍തട്ടിപ്പ് നടക്കുന്ന വിവരം പുറത്തറിയുന്നത്. റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിയായ രഘുകുമാറിന്റെ ഒരുലക്ഷം രൂപ തട്ടിയെടുത്തതോടെയാണ് ജിന്റോ കുടുങ്ങിയത്. വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. രഘുകുമാര്‍ തന്റെ എടിഎം കാര്‍ഡ് റിസോര്‍ട്ടിലെ ബില്‍ അടയ്ക്കാന്‍ നല്‍കിയപ്പോള്‍ ജിപിഎസ് സംവിധാനമുള്ള കാര്‍ഡ് ഡിവൈസ് ഉപയോഗിച്ച് പാസ്‌വേര്‍ഡ് അടക്കമുള്ള കാര്‍ഡിലെ രഹസ്യ വിവരങ്ങള്‍ ജിന്റോ ചോര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ കാസര്‍കോഡ് സ്വദേശിയായ ഫഹദി(30)നെ അറിയിച്ചു. ഫഹദ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എടിഎം കാര്‍ഡ് നിര്‍മ്മിച്ച് ജിന്റോയ്ക്ക് നല്‍കി. ഇതുപയോഗിച്ചാണ് രഘുകുമാറിന്റെ അക്കൗണ്ടില്‍ നിന്ന് ജിന്റോ തട്ടിയെടുത്തത്. ഫഹദ് ദുബായിലാണെന്നാണ് ലഭിച്ച വിവരം. ഈയാള്‍ ഇവിടെ നിന്നുമാണ് തട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. തട്ടിയെടുക്കുന്ന പണത്തിന്റെ പത്ത് ശതമാനം മാത്രമാണ് ജിന്റോയുടെ വിഹിതം. ബാക്കി പണം ഫഹദിനുള്ളതാണ്. നിരവധിപേരെ വിവിധ സ്ഥാപനങ്ങളില്‍ ഫഹദ് ഇത്തരത്തില്‍ ഏജന്റുമാരായി നിയോഗിച്ചിട്ടുള്ളതായാണ് സൂചന. എടിഎം കാര്‍ഡുകളില്‍ നിന്ന് പിന്‍കോഡ് അടക്കമുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കുന്നതും ഫഹദാണ്. നിരവധി എടിഎം കാര്‍ഡുകളും ഒരു ലാപ്‌ടോപ്പും ജിപിഎസ് സംവിധാനമുള്ള കാര്‍ഡ് ഡിവൈസും ജിന്റോയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. ബംഗളൂരുവില്‍ വച്ച് മറ്റൊരു സുഹൃത്താണ് ഫഹദിനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന ജിന്റോയുടെ മൊഴി കളവാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നേരത്തെ ബംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയപ്പോള്‍ ഫഹദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈയാള്‍ പോലീസിനെ വെട്ടിച്ച് നേപ്പാളിലേക്ക് കടന്നു. തുടര്‍ന്ന് നേപ്പാളി സ്വദേശിനിയെ വിവാഹം ചെയ്ത് അവിടുത്തെ പാസ്‌പോര്‍ട്ട് കരസ്ഥമാക്കി ദുബായിലേക്ക് കടക്കുകയായിരുന്നുവെന്നാണ് വിവരം. ഇയാളുടെ രാജ്യാന്തര ബന്ധങ്ങളും പാസ്‌വേര്‍ഡുകളും രഹസ്യവിവരങ്ങളും ചോര്‍ത്തി കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതടക്കമുള്ള ന്യൂ ജനറേഷന്‍ തട്ടിപ്പുകളും വിരല്‍ ചൂണ്ടുന്നത് ഇയാള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ ഉണ്ടെന്ന് തന്നെയാണ്. ഇയാളെ പിടികൂടണമെങ്കില്‍ ഇന്റര്‍പോള്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണം കൂടിയേ തീരൂ. ഫഹദിന്റെ ഇടപാടുകളിലെ ദുരൂഹതയും തട്ടിപ്പിന് തെരഞ്ഞെടുത്ത രീതികളും സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതാണ്. സിബിഐയോ എന്‍ഐഎയോ അടക്കമുള്ള വിപുലമായ അന്വേഷണ ഏജന്‍സികളോ അന്വേഷണ ചുമതല ഏറ്റെടുത്താല്‍ മാത്രമെ സംഭവത്തിന്റെ ചുരുളഴിയുകയുള്ളു. എന്നാല്‍ വെറുമൊരു സാമ്പത്തിക തട്ടിപ്പെന്ന നിലയില്‍ പിടികൂടിയ ഒരാളില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഫഹദിന്റെ തീവ്രവാദ സംഘടനകളു മായുള്ള ബന്ധങ്ങളും നാട്ടിലെ വിവരങ്ങളും പോലും അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് വിദേശ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നത അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷണ ചുമതല കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് അവശ്യമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.