ഇരിക്കൂറിലെ വീട്ടമ്മയുടെ കൊലപാതകം: പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന

Friday 17 June 2016 10:23 pm IST

ഇരിക്കൂര്‍: ഇരിക്കൂര്‍ സിദ്ധിഖ് നഗറിലെ സബീന മന്‍സിലില്‍ കുഞ്ഞാമിന എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന. കഴിഞ്ഞ ഏപ്രില്‍ 30 ന് സന്ധ്യയോടെയാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ഇവരുടെ ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിച്ചിരുന്ന സംഘം കൊലപാതകത്തിന് ശേഷം സ്ഥലത്തു നിന്നും മുങ്ങിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതികളെന്ന് കരുതുന്നവരില്‍ രണ്ടുപേര്‍ ഗുജറാത്ത് സ്വദേശികളും ഒരാള്‍ മലയാളിയും ആണെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇരിട്ടി ഡിവൈഎസ്പി പി.സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ മട്ടന്നൂര്‍ സിഐ ഷാജു ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ.വി.മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കഴിഞ്ഞദിവസം പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ മലയാളിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അന്വേഷണസംഘം ഗുജറാത്തിലാണുള്ളത്. 40, 18 പ്രായത്തിലുള്ള രണ്ട് യുവതികളും 20 കാരനായ യുവാവുമാണ് കൊലപാതക സംഘത്തിലുള്ളത്. ഇതില്‍ നാല്‍പ്പതുകാരിയായ സ്ത്രീ മലയാളിയാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ വാടകക്ക് താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം നന്നായി മലയാളം സംസാരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മെയ് 5 മുതല്‍ 15 വരെ റായ്ഗുഡ്ഡിലെ ഒരു ഹോട്ടലില്‍ ഇവര്‍ താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സംഘം അവിടെ നിന്നും മുങ്ങിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.