12.76 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Friday 17 June 2016 11:38 pm IST

തിരുവനന്തപുരം: കേരോത്പന്നങ്ങളുടെ നിര്‍മാണവും സംസ്‌കരണവും ഗവേഷണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് 12.76 കോടി രൂപയുടെ 18 പദ്ധതികള്‍ക്ക് നാളികേര വികസന ബോര്‍ഡ് അംഗീകാരം നല്‍കി. പ്രതിവര്‍ഷം 493 ലക്ഷം നാളികേരവും 3300 ടണ്‍ ചിരട്ടക്കരിയും സംസ്‌കരിച്ചെടുക്കുന്ന ഈ പദ്ധതികള്‍ക്ക് ബോര്‍ഡ് 2.75 കോടി രൂപയുടെ ധനസഹായം നല്‍കും. യോഗത്തില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ എ.കെ. സിംഗ് അധ്യക്ഷനായിരുന്നു. ബോര്‍ഡിന്റെ വാഴക്കുളത്തുള്ള സിഡിബി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ലാബില്‍ വികസിപ്പിച്ച നാല് ഫ്‌ളേവറുകളിലുള്ള റെഡി ടു ഡ്രിങ്ക് ജ്യൂസായ ഫ്‌ളേവേര്‍ഡ് കോക്കനട്ട് മില്‍ക്കിന്റെ പൈലറ്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടി 52.20 ലക്ഷം രൂപയുടെ അനുമതി നല്‍കി. ഉത്പന്നവൈവിധ്യവത്കരണ വിഭാഗത്തില്‍ വര്‍ഷം 300 ലക്ഷം നാളികേരം സംസ്‌കരിച്ച് തൂള്‍ തേങ്ങ നിര്‍മിക്കുന്ന അഞ്ച് യൂണിറ്റുകള്‍ക്കും 105 ലക്ഷം നാളികേരം സംസ്‌കരിച്ച് വെര്‍ജിന്‍ വെളിച്ചെണ നിര്‍മിക്കുന്ന മൂന്ന് യൂണിറ്റുകള്‍ക്കും വര്‍ഷം രണ്ടു ലക്ഷം നാളികേരത്തില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഒരു യൂണിറ്റിനും വര്‍ഷം 60 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ടു കൊപ്ര ഡ്രയര്‍ യൂണിറ്റുകള്‍ക്കും 26 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള നാല് ഉണ്ടക്കൊപ്ര യൂണിറ്റുകള്‍ക്കും 3300 ടണ്‍ ശേഷിയുള്ള രണ്ട് ചിരട്ടക്കരി നിര്‍മാണ യൂണിറ്റിനുമാണ് അംഗീകാരം നല്‍കിയത്. കേരളത്തില്‍ പ്രതിദിനം 5000 നാളികേരം സംസ്‌കരിക്കുന്ന ഒരു വെര്‍ജിന്‍ വെളിച്ചെണ്ണ യൂണിറ്റിനും 30000 നാളികേരം സംസ്‌ക്കരിക്കാന്‍ ശേഷിയുള്ള രണ്ട് തൂള്‍ തേങ്ങ നിര്‍മാണ യൂണിറ്റിനും 20000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ടു കൊപ്ര ഡ്രയറുകള്‍ക്കും ഒരു നാളികേര സ്വീറ്റ് ബോള്‍സ് യൂണിറ്റിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. കര്‍ണാടകയില്‍ പ്രതിദിനം 45000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ട് തൂള്‍ തേങ്ങ നിര്‍മാണ യൂണിറ്റുകള്‍ക്കാണ് അനുമതി ലഭിച്ചത്. തമിഴ്‌നാട്ടില്‍ പ്രതിദിനം 25000 നാളികേരം സംസ്‌ക്കരിക്കാന്‍ ശേഷിയുള്ള ഒരു ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ യൂണിറ്റിനും 30000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ട് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റിനും പ്രതിദിനം 10 മെട്രിക് ടണ്‍ ഷെല്‍ ചാര്‍ക്കോള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ഒരു ഷെല്‍ചാര്‍ക്കോള്‍ യൂണിറ്റിനുമാണ് അനുമതി ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.