ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദേശീയ സമ്പദ്‌വ്യവസ്ഥ

Saturday 18 June 2016 9:29 pm IST

1929 കാലഘട്ടത്തില്‍ ലോകപ്രതിസന്ധി സൃഷ്ടിച്ച വന്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് സമാനമായ സ്ഥിതിവിശേഷമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നതെന്ന് ചില സാമ്പത്തിക വിദഗ്ദന്മാര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ലോകസാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച് കുതിച്ചുമുന്നേറുന്ന രാജ്യമായി ഭാരതം മാറികൊണ്ടിരിക്കയാണ്. ആദ്യത്തെ ആഗോള സാമ്പത്തിക പ്രതിസന്ധി രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തോടെയാണ് അവസാനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1975 ലും 1982 ലും 2008 ലും വീണ്ടും സാമ്പത്തിക മാന്ദ്യം ലോകത്തുണ്ടായതായി സാമ്പത്തിക വിദഗ്ദന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പ്രതിസന്ധികളൊക്കെ ഒരുകൊല്ലം മുതല്‍ രണ്ട് കൊല്ലംവരെ മാത്രം നീണ്ടുനിന്ന ചരിത്രമാണുള്ളത്. ഭാരത സമ്പദ്‌വ്യവസ്ഥ അത്യധികം ദുരിതക്കയത്തിലേക്ക് ആണ്ടുപോയ കാലമായി യുപിഎ ഭരണത്തെ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതിനു കാരണക്കാരായ കോണ്‍ഗ്രസ് എപ്പോഴും രക്ഷപ്പെടുന്നത് ആഗോള പ്രതിസന്ധിയുടെ പേരുപറഞ്ഞാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ മികച്ച നേട്ടങ്ങളുമായി മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോഴും യുപിഎ ഭരണനേട്ടവുമായി വര്‍ത്തമാന ഭാരത സമ്പദ്‌വ്യവസ്ഥയെ താരതമ്യപ്പെടുത്താന്‍ നമ്മുടെ രാജനൈതിക-മാധ്യമ രംഗങ്ങള്‍ തയ്യാറായില്ല എന്നതാണ് ദുഃഖസത്യം. 2008 ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷവും വെല്ലുവിളികളെ അതിജീവിച്ച് നരേന്ദ്രമോദിയുടെ കീഴില്‍ ഭാരത സമ്പദ്‌വ്യവസ്ഥ ദ്രുതഗതിയില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കയാണ്. ഏറ്റവും ഒടുവിലത്തെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച് ശുഭപ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നരേന്ദ്രമോദി ഭാരതത്തെകൊണ്ടെത്തിച്ചിരിക്കുന്നു. ലോക സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ചയും തളര്‍ച്ചയും നിര്‍ണ്ണയിക്കുന്ന അമേരിക്കക്കും ചൈനയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സാധിക്കാത്ത നേട്ടങ്ങളാണ് ഭാരത സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ കൈവരിച്ചുകൊണ്ടിരുന്നത്. ലോകസമ്പദ്‌വ്യവസ്ഥയില്‍ കരുത്ത് കാട്ടി വമ്പനായി നിന്ന ജപ്പാന്റെ മാന്ദ്യം ആരേയും അമ്പരപ്പിക്കുന്നതാണ്. ആഗോള സാമ്പത്തിക റാങ്കിങ്ങില്‍ പതിനൊന്നാമനായിരുന്ന കാനഡയുടെ പിന്നോട്ടുപോക്ക് അമ്പരപ്പിക്കുന്നതാണ്. നരേന്ദ്രമോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരത സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ആശാവഹമായി പുരോഗമിക്കുകയാണ്. യുപിഎയുടെ 10 കൊല്ലത്തെ ഭരണത്തിന്‍കീഴില്‍ മുന്‍ബിജെപി സര്‍ക്കാര്‍ കൈവരിച്ച എല്ലാ സാമ്പത്തിക നേട്ടങ്ങളും അവര്‍ തകര്‍ത്ത് തരിപ്പണമാക്കുകയാണുണ്ടായത്. 1998 ല്‍ വാജ്‌പേയി അധികാരമേറ്റെടുത്തപ്പോള്‍ ഭാരതത്തിന്റെ ദയനീയസ്ഥിതി ആര്‍ക്കും മറക്കാനാവാത്തവിധം പരിതാപകരമായിരുന്നു. വിലക്കയറ്റം, നാണയപ്പെരുപ്പം, മൂല്യത്തകര്‍ച്ചകൊണ്ട് നട്ടംതിരിയുന്ന കറന്‍സി. ഭക്ഷ്യദുര്‍ലഭ്യത, അഞ്ച് ശതമാനത്തിലും താഴെയുള്ള സാമ്പത്തിക വളര്‍ച്ച, കാര്‍ഷിക വ്യാവസായിക മേഖലകളിലെ പ്രതിസന്ധി തുടങ്ങി സമസ്ത മേഖലകളിലും താഴോട്ടുപോക്കിലായിരുന്നു അന്ന് രാജ്യമുണ്ടായിരുന്നത്. എന്നാല്‍ ഒരു കൊല്ലംകൊണ്ട് സ്ഥിതിഗതികള്‍ നേരെയാക്കാനുള്ള ശ്രമം വിജയത്തിലേക്ക് കുതിക്കാന്‍ തുടങ്ങി എന്നതായിരുന്നു ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ മികച്ച നേട്ടം. അഞ്ച് ശതമാനത്തില്‍താഴെയുള്ള സാമ്പത്തിക വളര്‍ച്ച ഒന്‍പത് ശതമാനത്തിലധികം എത്തിക്കാന്‍ 1998-04 ല്‍ എന്‍ഡിഎക്കു കഴിഞ്ഞു. വിദേശനാണ്യശേഖരം സര്‍വ്വകാല റിക്കാര്‍ഡ് നേടി ഉയരത്തിലെത്തിച്ചു. 2001-02 ഓടെ ഭാരതം ഭക്ഷ്യസ്വയംപര്യാപ്തത നേടി കയറ്റുമതി ചെയ്യുന്ന അവസ്ഥയിലായി. 2000-2004 ഘട്ടത്തില്‍ വിലക്കയറ്റം ഒരു പ്രശ്‌നമായി പാര്‍ലമെന്റിലും നിയമസഭകളിലും ആരും ഉന്നയിച്ചിട്ടില്ലാത്ത അപൂര്‍വ്വ ചരിത്രം ഭാരതത്തിലുണ്ടായി. കയറ്റുമതി രംഗം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇന്ത്യന്‍ കറന്‍സിയ്ക്ക് മൂല്യംകൂടുകയും നാണയപ്പെരുപ്പം ഏറ്റവും കുറഞ്ഞ കാലഘട്ടം സൃഷ്ടിക്കാനും വാജ്‌പേയി ഭരണകൂടത്തിനുകഴിഞ്ഞു. 2004 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ട് ഭരണം യുപിഎ ഏറ്റെടുത്തു. കോണ്‍ഗ്രസ്-ഇടതുകക്ഷികള്‍ പടച്ചുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടായ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അവതരിപ്പിച്ച 2004-2005 ലെ കന്നി ബഡ്ജറ്റില്‍ ഭാരതസമ്പദ്‌വ്യവസ്ഥ സുസ്ഥിരമാണെന്നകാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യുപിഎയുടെ കീഴില്‍ രാജ്യം 10 കൊല്ലങ്ങള്‍ പിന്നിട്ടപ്പോള്‍ സ്ഥിതിയെന്താണ്? വിലക്കയറ്റംകൊണ്ട് രാജ്യം നട്ടംതിരിയുന്ന അവസ്ഥ. ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതിചെയ്യുന്ന രാജ്യമായി ഭാരതം വീണ്ടും മാറുകയുണ്ടായി. അഴിമതി നാടിനെ തിന്നുതീര്‍ത്തു. സാമ്പത്തിക വളര്‍ച്ചനിരക്ക് അഞ്ച് ശതമാനത്തിലും താഴെക്കുപോയി. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞു. നാണയപ്പെരുപ്പ നിരക്ക് രണ്ടക്കത്തിലെത്തി. പ്രധാന ഇറക്കുമതി മേഖലകളായ ഭക്ഷ്യ, ആണവ, എണ്ണ, കോള്‍ തുടങ്ങിയവയില്‍ ഇറക്കുമതി ആപത്കരമാംവിധം വര്‍ദ്ധിച്ചു. ചുരുക്കത്തില്‍ 1991 ലേതുപോലെയുള്ള ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം മുതലക്കൂപ്പു നടത്തുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ പോയി. ഈ ദുരവസ്ഥയില്‍ 2014 ല്‍ അധികാരത്തില്‍വന്ന മോദി സര്‍ക്കാര്‍ വീണ്ടും സ്ഥിതിഗതികള്‍ 2003-04 കാലത്തേപ്പോലെ സുരക്ഷിതമാക്കിക്കൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ സാമ്പത്തികവളര്‍ച്ച രണ്ടക്കത്തിലെത്തിക്കുന്നുമെന്ന് 2004-2005 ല്‍ വാഗ്ദാനം നല്‍കിയ യുപിഎ അധികാരമൊഴിയുമ്പോള്‍ സാമ്പത്തിക വളര്‍ച്ച പകുതിയായി കുറയുന്ന ദുസ്ഥിതിയിലാണ് കാര്യങ്ങള്‍ എത്തിയത്. കഴിഞ്ഞ രണ്ടുകൊല്ലംകൊണ്ട് സാമ്പത്തിക വളര്‍ച്ച7.5 ശതമാനത്തില്‍ കൊണ്ടെത്തിക്കാന്‍ മോദി ഭരണകൂടത്തിന് കഴിഞ്ഞു. ഇക്കൊല്ലത്തെ ലക്ഷ്യം എട്ട് ശതമാനമാണ്. നാണയപ്പെരുപ്പം പരമാവധി കുയ്ക്കാനും കഴിഞ്ഞിരിക്കുന്നു. ലോക സമൂഹത്തില്‍ നല്ല രീതിയില്‍ നാമിപ്പോള്‍ വളരുകയാണ്. ഖജനാവ് ഇപ്പോള്‍ സുരക്ഷിതമാണ്. വിദേശ നാണ്യശേഖരത്തിന്റെ സ്ഥിതി നല്ല നിലയിലാണ്. ഭാരതം വികസിതരാജ്യങ്ങളുടെ പട്ടികയിലേക്ക് പടികയറി എത്തുന്നു എന്നതും കാണാതിരുന്നുകൂടാ. പ്രതിദിനം 18 കിലോമീറ്റര്‍ ഹൈവേ നിര്‍മ്മിക്കുന്ന മറ്റൊരു ഭരണകൂടം ഭാരതത്തിലുണ്ടായിട്ടുണ്ടോ? 2019 ആകുമ്പോഴേക്കും പാചകവാതകമില്ലാത്ത ഒരൊറ്റ വീടും ഭാരതത്തിലുണ്ടാവില്ലെന്ന് ഉറപ്പിക്കാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. 2022 ആകുമ്പോള്‍ വീടില്ലാത്ത ഒരു ഭാരതീയനുമുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുന്നു. ശുചിത്വഭാരത സംരംഭം ഒരു മഹായജ്ഞമായി രാജ്യം ഏറ്റെടുത്ത് മുന്നേറുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മാണം, വൈദ്യുതി ഉല്‍പാദനം, റെയില്‍വെ എന്നീ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് എന്‍ഡിഎ ഭരണകൂടം സൃഷ്ടിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങള്‍ ഭാരതത്തിന്റെ സ്വാഭിമാനം മാനവരാശിക്കുമുന്നില്‍ ഉയര്‍ത്താനും വിദേശനിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട്. മാധ്യമപ്രസ്താവനകളേക്കാള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരോടൊപ്പം ഇടപഴകി വിശ്വാസമാര്‍ജ്ജിക്കാനും ശ്രമിച്ച പ്രധാനമന്ത്രി എന്ന ബഹുമതിയും നരേന്ദ്രമോദിക്ക് അര്‍ഹതപ്പെട്ടതാണ്. ഗള്‍ഫ് നാടുകളില്‍ സാധാരണ തൊഴിലാളികളെ പോയിക്കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ അറിയാനും പരിഹരിക്കാനുമൊക്കെ നരേന്ദ്രമോദിക്കായിട്ടുണ്ട്. ഭാരതത്തിന്റെ വൈവിധ്യങ്ങളെ മാനിച്ചുകൊണ്ട് അവ വൈരുദ്ധ്യമാകാതെ കാത്തുസൂക്ഷിക്കാന്‍ നരേന്ദ്രമോദി ഭരണകൂടത്തിനാവുന്നുണ്ട്. ഭാരതം ഇന്ന് ജിഡിപിയുടെ അടിസ്ഥാനത്തില്‍ ലോകത്ത് ഏഴാം സ്ഥാനത്തും ക്രയശേഷി അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്തുമാണ് എത്തിയിട്ടുള്ളത്. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഭാരതം ഇന്ന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. നമ്മുടെ ജിഡിപി വളര്‍ച്ച 7- 5 ശതമാനത്തോളമായിരിക്കുന്നു. ഭാരതത്തിന്റെ പൊതുകടം ജിഡിപിയുടെ 64 ശതമാനം മാത്രമായി മാറിയിരിക്കയാണ്. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്തുമ്പോള്‍ നമുക്ക് തികഞ്ഞ ശുഭാപ്തി വിശ്വാസം ലഭിക്കുന്നു. ക്രയശേഷിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തും ജിഡിപിയുടെ കാര്യത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുമുള്ള രാജ്യമാണ് ചൈന. ചൈനയുടെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടോടുമ്പോള്‍ ഭാരതത്തിന്റേത് മുന്നോട്ട് കുതിക്കുന്ന അവസ്ഥയിലാണുള്ളത്. ഭാരത സമ്പദ്‌വ്യവസ്ഥ ലോകത്ത് ഏറ്റവും നല്ല വളര്‍ച്ച കാട്ടുന്ന അവസ്ഥയിലേക്ക് മാറിയതായി അന്താരാഷ്ട്ര സമൂഹംതന്നെ ഇപ്പോള്‍ അംഗീകരിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി രാജ്യം ഒറ്റക്കെട്ടായി നരേന്ദ്രമോദിയുടെ കരങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. മാനവരാശിയുടെ വഴികാട്ടിയായി ഭാരതത്തിന് വീണ്ടും മാറാനാവുമെന്ന ശുഭസന്ദേശം മോദി രാജ്യത്തും വിദേശത്തും ഒരേപോലെ നല്‍കുന്നു. സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതത്തിന് സ്വന്തം കാലില്‍ നിന്നുകൊണ്ട് വന്‍ സാമ്പത്തിക ശക്തിയാകാനാവുമെന്നും ഇപ്പോള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇത് തുടരാന്‍ രാജ്യം അദ്ദേഹത്തിന് പിന്തുണ നല്‍കേണ്ടതുണ്ട്. psspillai@yahoo.in