്യാജമദ്യ പരിശോധന: നിയമം കര്‍ക്കശമാക്കണമെന്ന് ജനകീയ സമിതി

Saturday 18 June 2016 10:12 pm IST

കണ്ണൂര്‍: വ്യാജമദ്യവും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവര്‍ക്കും വില്‍പനക്കാര്‍ക്കുമെതിരെയുളള നിയമം കര്‍ക്കശമാക്കാനുളള ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരം വസ്തുക്കള്‍ പിടിച്ചെടുത്താലും ചെറിയ സംഖ്യ പിഴ ഈടാക്കി പ്രതികളെ വിടുന്ന സ്ഥിതിയാണ് നിലവിലുളളത്. കേന്ദ്ര നിയമം ദുര്‍ബലമായതാണ് കാരണമെന്നും ഇതില്‍ മാറ്റം വരുത്താനാവശ്യമായ ഇടപെടല്‍ ഉണ്ടാവണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ജനകീയ പിന്തുണയോടെ ലഹരി വിരുദ്ധ പദ്ധതികള്‍ നടപ്പാക്കണം. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതില്‍ നിന്ന് എക്‌സൈസ് വകുപ്പിനെ ഒഴിവാക്കരുതെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കൊട്ടിയൂര്‍ ഉത്സവ സീസണില്‍ വന്‍തോതില്‍ വ്യാജമദ്യം ഒഴുക്കിയെന്നും അടുത്ത സീസണിലെങ്കിലും അവിടെ എക്‌സൈസ് എയ്ഡ്‌പോസ്റ്റ് അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നു. പ്രാദേശിക തലത്തില്‍ മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നതിനാല്‍ പഞ്ചായത്ത്തല സമിതികള്‍ ശക്തിപ്പെടുത്തണം. സ്ത്രീകളെ ഇതിനെതിരെ സജജമാക്കാനാകണം. പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം 111 അബ്കാരി കേസുകള്‍ കണ്ടെത്തി. 106 പേരെ പ്രതി ചേര്‍ത്തു. 26 ലിറ്റര്‍ ചാരായവും 318.945 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. 390 ഗ്രാം കഞ്ചാവ്, 375 ലിറ്റര്‍ വാഷ്, 1858 പാക്കറ്റ് പാന്‍മസാല എന്നിവയും തൊണ്ടിമുതലായി പിടിച്ചെടുത്തു. പഞ്ചായത്ത് തലത്തില്‍ 44 ജനകീയ കമ്മിറ്റി ചേര്‍ന്നു. യോഗത്തില്‍ എഡിഎംഎച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍, അസി.കമ്മീഷണര്‍ എ എന്‍ ഷാ, സംഘടനാ പ്രതിനിധികളായ പി.വി.രവീന്ദ്രന്‍, പി.ടി.സഗുണന്‍, കെ.പി.പുരുഷോത്തമന്‍, മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്‍ ടി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.