കോട്ടയം: കോട്ടയം ജനറല്‍ ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് രാവിലെ 10ന് ഹോസ്പിറ്റലിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയായി വികസിപ്പിച്ചിട്ടും വേണ്ടത്ര സൗകര്യം രോഗികള്‍ക്കായി ഏര്‍പ്പെടുത്താത്ത അധികാരികളുടെ ദുര്‍നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് കുറ്റപ്പെടുത്തി. രോഗികള്‍ക്ക് കിടക്കാനുള്ള സൗകര്യം, ബാത്ത്റൂം സൗകര്യം, വെള്ളമില്ലാത്ത സാഹചര്യം ഇതെല്ലാം ഇന്നും ജനറല്‍ ആശുപത്രിയെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുനക്കരയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജന. സെക്രട്ടറി കെ.പി.സുരേഷ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്ര് അഡ്വ. ശാന്താറാം റോയ് തോളൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: