21 വരെ ജാഗ്രതാ നിര്‍ദ്ദേശം

Saturday 18 June 2016 10:39 pm IST

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും
നിലം പൊത്തിയ തിരുവനന്തപുരം ആകാശവാണി
നിലയത്തിന്റെ മണ്‍വിളയിലെ പ്രക്ഷേപണ ടവര്‍

തിരുവനന്തപുരം: കേരളത്തില്‍ 21-ാം തീയതി വരെ ദുരന്തനിവാരണ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 21 വരെ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്്. 20-ാം തീയതി വരെ കേരള-ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 55 കീലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റു വീശുക. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് പലേടത്തും പ്രത്യേകിച്ചും തീരദേശ ജില്ലകളിലെ നഗരങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. അതില്‍ 19, 20 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കും. 24 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. മഴ ശക്തമായാല്‍ മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനിടയുള്ളതിനാലാണിത്. സുരക്ഷ മുന്‍നിര്‍ത്തി ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ടു യൂണിറ്റിനെ സംസ്ഥാനത്ത് വിന്യസിക്കണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മുതല്‍ പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെമ്പാടും കനത്ത കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ജനവാസ മേഖലയില്‍ വെള്ളപ്പൊക്കം ഉണ്ടായി. വറ്റിവരണ്ടു കിടന്ന നദികളും കുളങ്ങളും കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്.

തീരപ്രദേശത്ത് കടല്‍ക്ഷോഭവും രൂക്ഷമാണ്. ഏതു നിമിഷവും സംസ്ഥാനത്തെ ഡാമുകള്‍ തുറന്നുവിടാന്‍ സാധ്യതയേറി. ജില്ലാ കളക്ടര്‍മാര്‍ക്കും ഇതു സംബന്ധിച്ച മുന്നറിയിപ്പ് ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

തലസ്ഥാനത്ത് വെള്ളിയാഴ്ച വൈകീട്ട് ആഞ്ഞുവീശിയ കാറ്റില്‍ 300 ഓളം വന്‍മരങ്ങളാണ് പിഴുതുവീണത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റു വീശിയത്. ഇതാണ് ഇത്രയും നാശനഷ്ടങ്ങളുണ്ടാകാന്‍ കാരണം.

തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി ആകാശവാണിയുടെ പ്രക്ഷേപണ ടവര്‍ തകര്‍ന്നുവീണ് പ്രക്ഷേപണം മുടങ്ങി. നിരവധി വീടുകള്‍ക്കും വിദ്യുച്ഛക്തി ലൈനുകള്‍ക്കും മുകളിലൂടെയാണ് മരങ്ങള്‍ കടപുഴകി വീണിരിക്കുന്നത്. എന്നാല്‍ ഇതുവരെ ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.