പോര്‍വിമാനങ്ങളില്‍ പെണ്‍കരുത്ത്

Saturday 18 June 2016 11:15 pm IST

ആകാശം കാക്കാന്‍ ഇനി ഇവരും… അവനി, ഭാവന, മോഹന എന്നിവര്‍
യുദ്ധവിമാനങ്ങള്‍ക്കു മുന്നില്‍

ഹൈദരാബാദ്: വ്യോമസേനയുടെ കരുത്തുറ്റ പോര്‍വിമാനങ്ങള്‍ പറത്താനും ഇനി സ്ത്രീശക്തി. ചുറ്റുപാടുകള്‍ നിരീക്ഷിച്ചും ശത്രുക്കളെ തുരത്തിയും നമ്മുടെ വിശാലമായ ആകാശം കാക്കാന്‍ ഇനി ഈ മൂന്നു പേരും യുദ്ധവിമാനങ്ങളുമായി ഇറങ്ങും.

ചരിത്രം കുറിച്ച് മൂന്നു വനിതാ യുദ്ധവിമാന പൈലറ്റുമാര്‍ ഇന്നലെ ഭാരത വ്യോമസേനയുടെ ഭാഗമായി. അവനി ചതുര്‍വേദി, ഭാവന കാന്ത്, മോഹന സിങ് എന്നിവരാണ് വ്യോമസേനയിലെ ആദ്യ വനിത പൈലറ്റുമാരെന്ന ബഹുമതി നേടിയത്. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇവരുടെ പാസിങ്ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.

ഹൈദരാബാദ് എയര്‍ഫോഴ്‌സ് അക്കാദമിയില്‍ 150 മണിക്കൂര്‍ വിമാനം പറത്തി ആദ്യഘട്ട പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഇവരെ വിമാനം പറത്താന്‍ നിയോഗിക്കുന്നത്. കര്‍ണ്ണാടകത്തിലെ ബീദാറില്‍ ബ്രിട്ടിഷ് നിര്‍മ്മിത യുദ്ധവിമാനമായ ഹോക്കില്‍ ആറു മാസം പരിശീലനം നല്‍കിയ ശേഷം അടുത്ത വര്‍ഷം മുതല്‍ ഇവരെ സുഖോയ്, തേജസ് എന്നിവ പറത്താന്‍ നിയോഗിക്കും.

ഏതു തരത്തിലുള്ള പ്രതിസന്ധിയും മറികടക്കാന്‍ പരിശീലനം സിദ്ധിച്ചവരാണ് ഇവര്‍. അതുകൊണ്ടുതന്നെ സേനയുടെ ഇനിയുള്ള ഏത് ആവശ്യത്തിനും ഇവരെ ധൈര്യപൂര്‍വ്വം നിയോഗിക്കാമെന്ന് വ്യോമസേനാ മേധാവി അരൂപ് രാഹ അറിയിച്ചു. ഡിണ്ടിഗല്‍ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്നാണ് മൂവരും പരിശീലനം നേടിയത്.

മധ്യപ്രദേശ്, സത്‌ന സ്വദേശിനിയാണ് അവനി ചതുര്‍വേദി. വനസ്ഥലി സര്‍വ്വകലാശാലയില്‍ നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് പൂര്‍ത്തിയാക്കിയ ശേഷമാണ് അവനി വ്യോമസേനയില്‍ ചേര്‍ന്നത്. അവനിയുടെ പിതാവ് മധ്യപ്രദേശ് സര്‍ക്കാരില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു. ഇരുപത്തിനാലുകാരിയായ ഭാവന കാന്ത് ബീഹാര്‍ ദര്‍ഭങ്ക ജില്ലയിലെ ചെറുഗ്രാമത്തില്‍ നിന്നാണ് ചരിത്രനിയോഗവുമായി എത്തിയത്. ബെംഗളൂരു ബിഎംഎസ് എഞ്ചിനീയറിങ് കോളേജില്‍ നിന്നു മെഡിക്കല്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി.

രാജസ്ഥാനിലെ ഝുന്‍ഝുനു സ്വദേശിനിയായ മോഹന സിങ് സൈനിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് എയര്‍ഫോഴ്‌സിലെത്തിയത്. അച്ഛന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. അമ്മ ടീച്ചര്‍. എയര്‍ഫോഴ്‌സ് സ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മോഹന അമൃതസര്‍ ജിഐഎംഇടിയില്‍ നിന്ന് ഇലക്ട്രോണിക്‌സില്‍ ബിടെക് പൂര്‍ത്തിയാക്കി. മോഹനയുടെ മുത്തച്ഛന്‍ കരസേന ഉദ്യോഗസ്ഥനായിരുന്നു. യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുകളെ നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.