ദളിത് യുവതികളെ മര്‍ദ്ദിച്ച് ജയിലിലടച്ച സംഭവം ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷിക്കും

Sunday 19 June 2016 12:05 pm IST

ന്യൂദല്‍ഹി: തലശേരിയില്‍ ദളിത് യുവതികളെ മര്‍ദ്ദിച്ച് ജയിലിലടച്ച സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തെപ്പറ്റി പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂര്‍ സംഭവത്തെ ഗൗരവമായാണ് കമ്മീഷന്‍ കാണുന്നതെന്നും പുനിയ പ്രതികരിച്ചു. സംഭവത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടികജാതി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികളിലേക്ക് കടക്കാന്‍ കമ്മീഷന്റെ തീരുമാനം. പട്ടികജാതിക്കാര്‍ക്കെതിരെ നടപടികളെടുക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ കണ്ണൂരില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും പ്രാഥമിക നിഗമനം. പെണ്‍കുട്ടികള്‍ രാഷ്ട്രീയ വൈരാഗ്യത്തിനിരയായി. വിഷയത്തിലെ രാഷ്ട്രീയം മനസ്സിലാക്കാതെയാണ് പോലീസ് ഇടപെടലുണ്ടായതെന്നും കമ്മീഷന്‍ കരുതുന്നു. പെണ്‍കുട്ടികള്‍ കണ്ണൂരിലെ പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ചു കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന വാദം വിശ്വാസയോഗ്യമല്ലെന്നാണു കമ്മീഷന്‍ വിലയിരുത്തുന്നത്. ഒന്നരവയസ്സു മാത്രം പ്രായമുള്ള കുട്ടിക്കുള്‍പ്പെടെ ജയിലില്‍ കിടക്കേണ്ട സാഹചര്യമുണ്ടായത് ഗൗരവകരം. യുവതികളുടെ വീട് മുഴുവനും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇതെല്ലാം സമഗ്ര അന്വേഷണം നടത്തേണ്ടതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയ വ്യക്തമാക്കി. പിതാവിനെ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സിപിഎമ്മുകാരെ ചോദ്യം ചെയ്തതിനാണ് കള്ളക്കേസില്‍ കുടുക്കി ദളിത് യുവതികളെ ജയിലിടച്ചത്. ഇവര്‍ക്ക് ഇന്നലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് തലശേരി കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില (30), അഞ്ജന (25) എന്നിവരെ തലശേരി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിമാക്കൂലിലെ സിപിഎം ഓഫീസില്‍ കയറി പാര്‍ട്ടി പ്രവര്‍ത്തകരെ തെറിവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നതാണ് കേസ്. മൊഴിയെടുത്തിട്ട് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം നല്‍കാമെന്നു പറഞ്ഞാണ് യുവതികളെ സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍, ജാമ്യം ലഭിക്കാത്ത വകുപ്പ് ചേര്‍ത്ത് ജയിലിടച്ചു. അഖിലയുടെ ഒന്നര വയസ്സുള്ള മകളെയും ഇവരോടൊപ്പം ജയിലിലടച്ചു. ഐപിസി 452 വകുപ്പു പ്രകാരമാണ് കേസെടുത്തത്. സംഭവത്തെപ്പറ്റി അറിയില്ലെന്ന് മുഖ്യമന്ത്രി ന്യൂദല്‍ഹി: തലശേരിയില്‍ ദളിത് യുവതികളെയും ഒന്നര വയസുള്ള കുട്ടിയെയും ജയിലിലടച്ച സംഭവത്തെപ്പറ്റി തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം എന്തെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. എയര്‍ കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന സൂചനകളും മുഖ്യമന്ത്രി നല്‍കി. കെഎസ്ആര്‍ടിസി നല്ലനിലയില്‍ നടത്തിക്കൊണ്ടുപോകുകയാണ് സര്‍ക്കാരിന്റെ ആദ്യ ഉത്തരവാദിത്തമെന്ന് പിണറായി പറഞ്ഞു. മുല്ലപ്പെരിയാറില്‍ അന്താരാഷ്ട്ര വിദഗ്ധരുടെ സമിതി പരിശോധന നടത്തണമെന്നും അതിനായി കേന്ദ്രത്തിന്റെയും തമിഴ്‌നാടിന്റെയും അനുമതി വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസിഡന്റ് പ്രശാന്ത് രഘുവംശം മുഖാമുഖം പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. പ്രശാന്ത് സ്വാഗതവും ട്രഷറര്‍ പി.കെ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു. മനുഷ്യാവകാശ-വനിതാ കമ്മീഷനുകള്‍ ഇടപെടണം: ബിജെപി തിരുവനന്തപുരം: തലശേരിയില്‍ ദളിത് സഹോദരിമാരെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത് സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്‍. പത്മകുമാര്‍. അത്യന്തം ഹീനവും ജനാധിപത്യവിരുദ്ധവുമായ നടപടിയെക്കുറിച്ച് ആഭ്യന്തര വകുപ്പ് മറുപടി പറയണം. കേരളത്തില്‍ സിപിഎമ്മിന്റെ സെല്‍ഭരണം തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സഹോദരിമാരെ ജാതീയമായി അധിക്ഷേപിച്ചതിന് പുറമെ കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുകയും ചെയ്തു. ഇത് പിണറായി സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധതയ്ക്ക് ഉദാഹരണം. കണ്ണൂര്‍ ജില്ലയിലെ സിപിഎം ഓഫീസില്‍ കയറി രണ്ട് പെണ്‍കുട്ടികള്‍ സിപിഎമ്മുകാരെ മര്‍ദ്ദിച്ചു എന്നത് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. വനിതാ കമ്മീഷന്‍, പിന്നാക്ക കമ്മിഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി ഭരണഘടനാ സ്ഥാപനങ്ങളും സിപിഎമ്മിനെ ഭയപ്പെടുന്നുവെന്നാണ് അവരുടെ നിശബ്ദത തെളിയിക്കുന്നത്. ഇതിനു മുമ്പ് അടിയന്തരാവസ്ഥക്കാലത്ത് മാത്രമാണ് കൈക്കുഞ്ഞിനെയും കൊണ്ട് ജയിലില്‍ പോകേണ്ട അവസ്ഥയുണ്ടായിട്ടുള്ളത്. ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന ദളിത് പീഡനങ്ങളെപ്പറ്റിയും വാചാലരാകുന്ന സാംസ്‌കാരിക നായകരുടെ മൗനം ഞെട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.