ഇരിട്ടി: ഉളിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകൃതമായ സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റിയിലൂടെ മൂന്നുവര്‍ഷം കൊണ്ട് ഏറെ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിഞ്ഞതായി സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉളിക്കല്‍ പഞ്ചായത്തിലെ രാഷ്ട്രീയ സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖവ്യക്തികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റി സ്കൂളിലെ പഠിക്കാന്‍ മിടുക്കരായ നിര്‍ദ്ധന വിദ്യാര്‍ഥികളെ കണ്ടെത്തി അവരുടെ യാത്രാച്ചെലവടക്കം വിദ്യാഭ്യാസ ചെലവുകളും നല്കി വരുന്നതായി ഇവര്‍ പറഞ്ഞു. കൂടാതെ ഉന്നതവിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായമായി നല്കി വന്നിരുന്ന ഇരുപതിനായിരം രൂപ ഈ വര്‍ഷം ഇരുപത്തി അയ്യായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഇരിട്ടി, ഇരിക്കൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഇത്രയേറെ ക്യാഷ് അവാര്‍ഡു നല്കുന്ന മറ്റൊരു സ്കൂളുമില്ലെന്നും ഇവര്‍ അവകാശപ്പെട്ടു. ഇന്ന് രാവിലെ 10 മണിക്ക് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഇത്തവണ ഉന്നതവിജയം നേടിയ 16 വിദ്യാര്‍ഥികളെ അനുമോദിക്കുകയും വെല്‍ഫെയര്‍ കമ്മിറ്റിയുടെ ക്യാഷ് അവാര്‍ഡു തുക അവര്‍ക്ക് നല്‍കുകയും ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ബിജു നാരായണന്, വൈസ് ചെയര്മാന്മാരായ ജോയ് കുട്ടി അബ്രഹാം, എം.ജി.ഷണ്മുഖന്, ഉളിക്കല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ പി.ടി.ലാലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: