കൈലാസ് മാനസരോവര്‍ യാത്രയ്ക്കുള്ള ഉത്തരാഖണ്ഡ് ഹൈവേ ഏപ്രിലില്‍ പൂര്‍ത്തിയാകും

Sunday 19 June 2016 9:24 pm IST

ന്യൂദല്‍ഹി: കൈലാസ്-മാനസരോവര്‍ യാത്ര സുഗമമാക്കുന്നതിനായുള്ള ഉത്തരാഖണ്ഡ് ദേശീയപാതയുടെ പണികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരി. നിലവില്‍ ചെങ്കുത്തായതും വീതികുറഞ്ഞതുമായ പാതകള്‍ കടന്നുവേണം തിബറ്റിലുള്ള കൈലാസത്തിലെത്തേണ്ടത്. ദേശീയപാതകൂടി തുറക്കുന്നതോടെ കൈലാസത്തിലേക്ക് രണ്ട് പാതകള്‍ തുറന്ന് കിട്ടും. കിഴക്കാംതൂക്കായ ലിപുലേഖ് പാസും നാഥു ലായുമാണ് തീര്‍ത്ഥാടനത്തിനായി അനുവദിച്ചിട്ടുള്ള പാതകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് 2015ല്‍ ചൈനീസ് സര്‍ക്കാര്‍ ഈ പാതകള്‍ തുറന്ന് തന്നിരിക്കുന്നത്. യാത്ര സുഗമമാകുന്നതിനായി ഹിമാലയത്തിലെ കഠിനമായ പാറകളും മലകളും തുരന്നുകൊണ്ടാണ് പുതിയ പാത നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയപാത നിര്‍മ്മാണം പ്രയാസം നിറഞ്ഞ ജോലിയായിരുന്നതായും ഇതിനായുള്ള ഉപകരണങ്ങള്‍ ഓസ്‌ട്രേലിയയില്‍ നിന്നുമാണ് എത്തിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി വിദേശകാര്യ മന്ത്രാലയമാണ് യാത്ര ഒരുക്കുന്നത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് ദേശീയപാതയുടെ നിര്‍മ്മാണത്തിന് സഹായിക്കുന്നത്. ഉത്തരാഖണ്ഡിലെ ഗട്ടിബാദില്‍ നിന്നും ലിപുലേഖ് വരെയുള്ള 75 കിലോമീറ്ററുള്ള റോഡാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. പാതയുടെ നിര്‍മ്മാണത്തിന് നാവികസേനയുടെ സഹായവും ലഭിക്കുന്നുണ്ട്. കൈലാസ്-മാനസരോവര്‍ യാത്ര 25 ദിവസം നീണ്ടു നില്‍ക്കുന്നതാണ്. 23 ബാച്ചുകളായി ആയിരത്തിനടുത്ത് തീര്‍ത്ഥാടകരാണ് ഇരുപാതകളിലൂടെയുമായെത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിന്‍ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ പാത തുറന്നുതരുന്നതിന്റെ ആവശ്യം അംഗീകരിച്ചത്. ഉത്തരാഖണ്ഡ് വഴിയും നേപ്പാള്‍ വഴിയുമാണ് നിലവില്‍ പാതയുള്ളത്. നാഥു ലായില്‍ നിന്നും 1500 കിലോമീറ്റര്‍ ദൂരം ബസ്സില്‍ സഞ്ചരിച്ചുവേണം കൈലാസത്തിലെത്താന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.