പ്രധാനമന്ത്രി ആവാസ് യോജന: സംസ്ഥാനത്ത് 30,000 പേര്‍ക്ക് വായ്പ

Sunday 19 June 2016 10:21 pm IST

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി പ്രകാരം ആറുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള നഗരപ്രദേശത്തെ 30,000 ഭവനരഹിതര്‍ക്ക് രണ്ടുവര്‍ഷത്തിനകംസബ്‌സിഡിയോടെ വായ്പ ലഭ്യമാക്കും. പദ്ധതിയില്‍ വിവിധ ബാങ്കുകള്‍ക്കുള്ള ലക്ഷ്യം നിശ്ചയിച്ചതായി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു. 2022 ഓടെ നഗരപ്രദേശത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന കേന്ദ്രപദ്ധതിയാണ് 'പ്രധാനമന്ത്രി ആവാസ് യോജന'. ഈ പദ്ധതിയില്‍ 'ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡിയിലൂടെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന രീതിയിലുള്ള ഭവനങ്ങള്‍ ലഭ്യമാക്കുക' എന്ന ലക്ഷ്യം നടപ്പാക്കാനുള്ള ചുമതല കുടുംബശ്രീക്കാണ്. സംസ്ഥാന നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതിനൊന്ന് നഗരസഭ(കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൊടുപുഴ, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കല്‍പ്പറ്റ)കളിലെ അര്‍ഹരായ 26,255 ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. മറ്റു നഗരസഭകളിലും ഈ പദ്ധതി വ്യാപിപ്പിക്കും. പദ്ധതി പ്രകാരം പുതുതായി വീട് നിര്‍മിക്കുന്നതിനും വാങ്ങുന്നതിനും വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണത്തിനും ബാങ്ക്‌വായ്പ ലഭിക്കും. മൂന്നു ലക്ഷം രൂപയില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനും ആറു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 60 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനുമായി ബാങ്കില്‍ നിന്നു വായ്പ ലഭിക്കും. പദ്ധതി ഗുണഭോക്താക്കളുടെ ആറു ലക്ഷം രൂപവരെയുള്ള ബാങ്ക് വായ്പയ്ക്ക് ആറര ശതമാനം പലിശ സബ്‌സിഡി നല്‍കും. ഗുണഭോക്താവിന് പരമാവധി 2.2 ലക്ഷം രൂപയുടെ ആനുകൂല്യം ഇതുവഴി ലഭിക്കും. വരുമാന നികുതി നല്‍കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വായ്പയെടുത്താല്‍ അവര്‍ക്കും പലിശ സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരത്തു നടന്ന നഗരസഭകളുടെയും ബാങ്കുകളുടെയും പ്രതിനിധികളുടെ യോഗത്തില്‍ കേന്ദ്ര നഗരകാര്യ ജോയിന്റ് സെക്രട്ടറി രാജീവ്‌രഞ്ജന്‍ മിശ്ര, നാഷണല്‍ ഹൗസിംഗ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സഞ്ജീവ് മിശ്ര, മാനേജര്‍മാരായ ഹേംകുമാര്‍ ഗോപാലകൃഷ്ണന്‍, കാര്‍ത്തികേയന്‍ ആര്‍.എന്‍, ഹഡ്‌കോ തിരുവനന്തപുരം റീജിയണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബീനാ ഫിലിപ്പോസ്, കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.വി ദുരൈ പാണ്‌ഡെ തുടങ്ങിയവര്‍ പങ്കെടുത്തു. ഹഡ്‌കോ, നാഷണല്‍ ഹൗസിംഗ് ബാങ്ക് എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി നിയോഗിച്ചിട്ടുള്ള കേന്ദ്ര നോഡല്‍ ഏജന്‍സികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.