ആര്‍എസ്എസ് ശാഖയ്ക്കുനേരെ സിപിഎം ആക്രമണം: നാലുപേര്‍ക്ക് പരിക്ക്

Sunday 19 June 2016 10:26 pm IST

കൊല്ലം നെടിയവിളയില്‍ സിപിഎം ആക്രമണത്തില്‍ പരിക്കേറ്റവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിക്കുന്നു

കുന്നത്തൂര്‍(കൊല്ലം): ആര്‍എസ്എസ് ശാഖയ്ക്കു നേരെ സിപിഎമ്മിന്റെ സംഘടിത ആക്രമണം. നാലു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കുന്നത്തൂര്‍ നെടിയവിളയിലെ ആര്‍എസ്എസ് ശാഖയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.

മര്‍ദ്ദനത്തില്‍ മുഖ്യശിക്ഷക് അഖില്‍(18), ശിക്ഷക് രജിത്(19), കുന്നത്തൂര്‍ മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് സദാശിവന്‍(40), ശാരീരിക് പ്രമുഖ് സനല്‍(23) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം. ശാഖ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. കമ്പിപ്പാര അടക്കമുള്ള മാരകായുധങ്ങളുപയോഗിച്ചാണ് ഇരുപതോളം വരുന്ന അക്രമിസംഘം അഴിഞ്ഞാടിയത്.

നെടിയവിളയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തുന്നതിനെതിരെ കുറച്ച് നാളുകളായി സിപിഎം ഭീഷണി മുഴക്കി വരികയായിരുന്നു. ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ അക്രമികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. റോബിന്‍ ടി. ജോണ്‍, അനീഷ്, പ്രിയദര്‍ശന്‍, അനില്‍, മനു തുടങ്ങിയവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

പരിക്കേറ്റവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സിപിഎം സംസ്ഥാനത്ത് ക്രിമിനല്‍വാഴ്ച നടപ്പാക്കുകയാണെന്നും സമാധാനത്തിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി ബിജെപി ജനകീയസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കുമ്മനം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാസഹകാര്യവാഹ് ആര്‍. ബാബുക്കുട്ടന്‍, ആര്‍. സുജിത്, പുത്തൂര്‍ താലൂക്ക് കാര്യവാഹ് ശിവപ്രസാദ്, സഹകാര്യവാഹ് സുബ്രഹ്മണ്യന്‍, ശാരീരിക്പ്രമുഖ് വിഷ്ണു, ലാല്‍, സുനില്‍ തുടങ്ങിയവര്‍ കുമ്മനത്തൊടൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.