കാട്ടാക്കടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; അലക്ഷ്യമായ പാര്‍ക്കിങ്ങും അമിത വേഗതയും അപകട കാരണം

Sunday 19 June 2016 10:47 pm IST

കാട്ടാക്കട: അപകടങ്ങള്‍ തുടര്‍ക്കഥയായി മാറുകയാണ് കാട്ടാക്കടയിലും സമീപ പഞ്ചായത്തുകളിലും. കാട്ടാക്കട തിരുവനന്തപുരം റോഡ്, കാട്ടാക്കട പൂവച്ചല്‍ റോഡ്, കാട്ടാക്കട നെയ്യാര്‍ഡാം റോഡ് എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. തിരക്കേറിയ റോഡില്‍ വാഹനങ്ങളുടെ അമിതവേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും അനധികൃത പാര്‍ക്കിംഗുമാണ് അപകടങ്ങള്‍ക്കു വഴിയൊരുക്കുന്നത്. മദ്യപിച്ചു വാഹനം ഓടിക്കുന്നതും വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗവും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ അരുവിക്കുഴിയില്‍ നിയന്ത്രണം തെറ്റിയ ടാക്‌സി ആട്ടോ കനാലില്‍ മറിഞ്ഞ് അപകടമുണ്ടായി. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ പൂവച്ചല്‍ പഞ്ചായത്ത് ഓഫിസിനു സമീപം മദ്യപിച്ചു വാഹനമോടിച്ചതിനെ തുടര്‍ന്നു അലക്ഷ്യമായി വന്ന കാര്‍ നിറുത്തിയിട്ടിരുന്ന കാറിനെ ഇടിച്ചുതെറിപ്പിക്കുകയും സമീപത്തെ കടയുടെ മുന്‍വശത്തെ പടികെട്ടുകളില്‍ ഇടിക്കുകയും ചെയ്തു. അധ്യയന ദിവസങ്ങളില്‍ സമീപ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നില്‍ക്കാറുള്ള സ്ഥലത്താണ് അപകടം ഉണ്ടായത്. ശനിയാഴ്ച്ച അവധിയായതിനാല്‍ ഈ സ്ഥലത്തു ആരും ഇല്ലാതിരുന്നതും ചാറ്റല്‍മഴ ആയതിനാല്‍ മറ്റു യാത്രക്കാര്‍ ഈ സമയം ഇതുവഴി കടന്നു പോകാതിരുന്നതും അനിഷ്ട സംഭവങ്ങള്‍ക്കു വഴിവച്ചില്ല. അപകടം കണ്ടു ഓടികൂടിയ നാട്ടുകാര്‍ മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറി. കാട്ടാക്കട പൊട്ടന്‍കാവില്‍ ബൈക്കിടിച്ചു വഴിയാത്രക്കാരിയായ മധ്യവയസ്‌ക്കയ്ക്കു പരിക്കേറ്റു. കുറ്റിച്ചല്‍ സ്വദേശിയായ ക്രിസ്റ്റീന (55) നാണ് പരിക്കേറ്റത്. സഹോദരിയുമായി നടന്നുപോകുകയായിരുന്ന ക്രിസ്റ്റീനയെ കാട്ടാക്കട ഭാഗത്തു നിന്നും അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട ക്രിസ്റ്റീനയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇവിടെ ചികിത്സയിലാണ്. നാട്ടുകാര്‍ തടഞ്ഞു വച്ചിരുന്ന ബൈക്കിനെയും ബൈക്ക് ഓടിച്ചിരുന്ന ജയന്‍ എന്നയാളെയും പോലീസിന് കൈമാറുകയും ചെയ്തു. രണ്ടു വര്‍ഷം മുന്‍പ് കുളത്തുമ്മല്‍ സ്‌കൂളിന് മുന്നില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ബസ് ബൈക്ക് യാത്രികരായ പിതാവിനെയും മകളെയും ഇടിച്ചു വീഴ്ത്തിയിരുന്നു. അപകടത്തില്‍ അഞ്ചാം ക്ലാസുകാരിയായ കുട്ടി മരിച്ചു. സ്‌കൂളിനു മുന്നിലെ അനധികൃത വാഹന പാര്‍ക്കിംഗാണ് അപകടകാരണമെന്ന് അന്ന് കളക്ടര്‍ അടക്കമുള്ളവര്‍ കണ്ടെത്തി. തുടര്‍ന്ന് ഇവിടുത്തെ പാര്‍ക്കിംഗ് നിരോധിച്ചു. എന്നാല്‍ ഈ നിരോധനത്തിന് ദിവസങ്ങളുടെ ആയുസേ ഉണ്ടായുള്ളു. ആദ്യ ഘട്ടത്തില്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ച പോലീസ് പിന്നിട് തിരിഞ്ഞുനോക്കാതായതോടെ കുളത്തുമ്മല്‍ സ്‌കൂളിന് മുന്‍വശം വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏര്യയായി മാറി. കാട്ടാല്‍ ക്ഷേത്രനട മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെയും കോളേജ് ജംഗ്ഷന്‍ മുതല്‍ കാട്ടാക്കട ഡിപ്പോയ്ക്ക് സമീപം വരെയും വലുതും ചെറുതുമായ വാഹനങ്ങള്‍ റോഡിന് ഇരുവശവും കൈയടക്കിയതോടെ പട്ടണം മിക്കപ്പോഴും ഗതാഗതകുരുക്കിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.