സമാജപരിവര്‍ത്തനത്തില്‍ ക്ഷേത്രങ്ങള്‍ക്ക് വലിയ പങ്ക്: ശശികല ടീച്ചര്‍

Monday 20 June 2016 2:49 pm IST

കരുനാഗപ്പള്ളി: സമാജ പരിവര്‍ത്തനത്തിന് ക്ഷേത്രങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും ജാതിക്കതീതമായി ശാന്തിയുടേയും സമാധാനത്തിന്റേയും കേന്ദ്രമായി ക്ഷേത്രങ്ങള്‍ മാറണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ പറഞ്ഞു. പുലിമുഖം ക്ഷേത്രചുറ്റമ്പലസമര്‍പ്പണത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. മലബാറില്‍ ഒരു കാലഘട്ടത്തില്‍ ഹിന്ദുക്കളെ ഖുറാനും വാളും ഉപയോഗിച്ച് മതം മാറ്റുകയൊ 'നിഷ്‌കാസനം ചെയ്യുകയൊ ചെയ്തിട്ടുണ്ട്. മറ്റു ചിലരാകട്ടെ തങ്ങളുടെ തേവാര മൂര്‍ത്തികളെ നെഞ്ചോട് ചേര്‍ത്ത് ഓടിരക്ഷപെടുകയായിരുന്നു. ആ കാലഘട്ടത്തില്‍ അവരെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇച്ഛാശക്തിയുള്ള നേതൃത്വം ഇല്ലായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ജാതിചിന്തകള്‍ക്ക് അതീതമായും മത്സരങ്ങള്‍ ഒഴിവാക്കിയും ഹൈന്ദവക്കൂട്ടായ്മ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ടീച്ചര്‍ പറഞ്ഞു. ഹൈന്ദവ സമൂഹം പരിവര്‍ത്തനത്തിന് ആഗ്രഹിച്ചപ്പോഴെല്ലാം അനാചാരങ്ങള്‍ക്കെതിരെ പൊരുതാന്‍ തയ്യാറായി. ആചരണങ്ങളിലെ വ്യത്യസ്തത ഹൈന്ദവ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ഈ വ്യത്യസ്തത ആണ് ഹിന്ദുക്ഷേത്രങ്ങളെ നിലനിര്‍ത്തുന്നത്. അത്തരത്തിലൊന്നാണ് ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ളത്. അവിടെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ഹൈന്ദവ സമൂഹമൊ സമുദായ സംഘടനകളൊ മറ്റു സംഘടനകളൊ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരാവശ്യം ഹിന്ദു സമുഹത്തില്‍ നിന്ന് ഉയര്‍ന്നു വന്നാല്‍ ഒറ്റക്കെട്ടായി തീരുമാനം എടുക്കുവാനുള്ള ആര്‍ജവം ഹിന്ദുസമൂഹത്തിന് ഉണ്ടെന്നും ശശികല ടീച്ചര്‍ പറഞ്ഞു. യോഗത്തില്‍ ഡോ. കെ.രാജന്‍ കിടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ക്ഷേത്രം തന്ത്രി നാരായണന്‍ പോറ്റി ഭദ്രദീപം തെളിയിച്ചു. എംഎല്‍എ ആര്‍. രാമചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, ജില്ലാ പഞ്ചായത്തംഗ ങ്ങളായ ശ്രീലേഖ വേണുഗോപാല്‍, അഡ്വ.അനില്‍ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം ബിജു പാഞ്ചജന്യം, ഗ്രാമപഞ്ചായത്തംഗം വിപിന്‍ മുക്കേല്‍, നീലകണ്ഠന്‍ നമ്പൂതിരി, സുരേഷ് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജഗനാഥന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ദീപക് നന്ദിയും പറഞ്ഞു '

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.