എറണാകുളം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിത്തുക വിനിയോഗം 26.26 ശതമാനം

Thursday 16 February 2012 9:51 pm IST

കൊച്ചി: എറണാകുളം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിത്തുക വിനിയോഗം 26.26 ശതമാനം. ജനുവരി 31 വരെയുള്ള തുക വിനിയോഗമാണ്‌ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അവതരിപ്പിച്ചത്‌. പദ്ധതി നിര്‍വഹണ പുരോഗതിയും യോഗം വിലയിരുത്തി. ആസൂത്രണ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരും വിവിധ നഗരസഭകളുടെ അധ്യക്ഷന്‍മാരും പങ്കെടുത്തു.
ഗ്രാമപഞ്ചായത്തുകളുടെ ഫെബ്രുവരി 15 വരെയുള്ള പദ്ധതിത്തുക വിനിയോഗം 31.85 ശതമാനമാണ്‌. മറ്റ്‌ തദ്ദേശസ്ഥാപനങ്ങളുടെ ജനുവരി 31 വരെയുള്ള തുക വിനിയോഗമാണ്‌ ലഭ്യമായത്‌. ബ്ലോക്ക്‌ പഞ്ചായത്തുകള്‍ - 31.99, ജില്ലാ പഞ്ചായത്ത്‌ - 14.31, മുനിസിപ്പാലിറ്റികള്‍ - 28.92, കൊച്ചി കോര്‍പ്പറേഷന്‍ - 26.54 എന്നിങ്ങനെയാണ്‌ മറ്റ്‌ തദ്ദേശസ്ഥാപനങ്ങളുടെ ശതമാനക്കണക്കിലുള്ള തുക വിനിയോഗം.
ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചിരിക്കുന്നത്‌ വാളകം (58.14), മൂക്കന്നൂര്‍ (55.93), കാലടി (52.04) എന്നീ പഞ്ചായത്തുകളാണ്‌. കീരമ്പാറ (17.50), കുമ്പളം (17.59) എന്നീ പഞ്ചായത്തുകളാണ്‌ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്‌. ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ 53.77 ശതമാനം ചെലവിട്ട മൂവാറ്റുപുഴയാണ്‌ മുന്നില്‍. മുളന്തുരുത്തി (45.13), ഇടപ്പള്ളി (43.02) ബ്ലോക്ക്‌ പഞ്ചായത്തുകളാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്‌. 19.53 ശതമാനം ചെലവഴിച്ച പാമ്പാക്കുടയാണ്‌ പിന്നില്‍.
മുനിസിപ്പാലിറ്റികളില്‍ ഏലൂര്‍ 42.70 ശതമാനം തുക ചെലവഴിച്ചപ്പോള്‍ കോതമംഗലം (40.90), ആലുവ (39.90) എന്നിവയാണ്‌ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്‌. മറ്റ്‌ നഗരസഭകളുടെ തുക വിനിയോഗം: കളമശ്ശേരി (16), തൃപ്പൂണിത്തുറ (20.90), പെരുമ്പാവൂര്‍ (25.30), തൃക്കാക്കര (30), പറവൂര്‍ (30.30), മൂവാറ്റുപുഴ (31.90), മരട്‌ (33.50), അങ്കമാലി (38).
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ ഉന്നയിച്ച പരാതി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന്‌ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക്‌ പരീത്‌ പറഞ്ഞു. ഭൂരഹിതര്‍ക്ക്‌ ഭൂമി ലഭ്യമാക്കുന്നതിനുള്ള ആശ്രയ പദ്ധതി ന്യായവില വ്യവസ്ഥ മൂലം നടപ്പാക്കുന്നതിലുള്ള ബുദ്ധിമുട്ട്‌ ഓരോ പദ്ധതിയുടെയും അടിസ്ഥാനത്തില്‍ കളക്ടറുടെ പ്രത്യേകാധികാരത്തില്‍ പരിഹരിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ അധ്യക്ഷന്‍മാര്‍ക്ക്‌ വാഹനം വാങ്ങാനുള്ള തുക പശ്ചാത്തല ഫണ്ടില്‍ നിന്നോ ജനറല്‍ പര്‍പ്പസ്‌ ഫണ്ടില്‍ നിന്നോ കണ്ടെത്താന്‍ അനുമതിയുണ്ടെന്ന്‌ ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ ആര്‍. ഗിരിജ വ്യക്തമാക്കി.
വിവിധ തദ്ദേശസ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികളില്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ്‌ ശുപാര്‍ശ ചെയ്തവയ്ക്ക്‌ ആസൂത്രണ സമിതി അംഗീകാരം നല്‍കി. സമിതി അംഗങ്ങളായ പി.എ. ഷാജഹാന്‍, ആശ സനില്‍, ജെസി സാജു, കെ.കെ. സോമന്‍, പി.വി. ജോസ്‌, അസിസ്റ്റന്റ്‌ ഡവലപ്മെന്റ്‌ കമ്മീഷണര്‍ കെ.ജെ. ടോമി എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.