സംസ്ഥാനത്ത് ദളിതരുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടു: പട്ടികജാതി മോര്‍ച്ച

Monday 20 June 2016 10:54 pm IST

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്ത് ദളിതരുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. സുധീര്‍. സിപിഎമ്മിന്റെ ദളിത് പീഡനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണപരമായ പിന്തുണ നല്‍കുകയാണ്. കണ്ണൂരില്‍ ദളിത് യുവതികളെയും കൈക്കുഞ്ഞിനെയും ജയിലിലടച്ച സംഭവം ഇതാണ് വ്യക്തമാക്കുന്നത്. സിപിഎം നേതാക്കള്‍ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത ദളിത് യുവതികള്‍ക്ക് നീതി ഉറപ്പാക്കുന്നതിനുപകരം അവരെ കൈക്കുഞ്ഞിനോടൊപ്പം ജയിലിലാക്കുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിണറായി വിജയന്‍ സംസ്ഥാനത്തെ പട്ടികജാതിക്കാരുടെ കൂടി മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം തിരിച്ചറിയണം. സിപി എം നേതാക്കളുടെ പരസ്യമായ അപവാദപരാമര്‍ശങ്ങളില്‍ മനംനൊന്താണ് ഈ കേസില്‍പ്പെട്ട അഞ്ജന എന്ന യുവതി ആത്മഹത്യക്കു ശ്രമിച്ചത്. ഇതിനുകാരണക്കാരായ സിപിഎം നേതാക്കളുടെ പേരില്‍ ആത്മഹത്യാപ്രേരണ കുറ്റത്തിനു കേസെടുക്കണമെന്നും അഡ്വ.പി. സുധീര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ദളിത് പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതിമോര്‍ച്ച ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാകേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുമെന്നും അഡ്വ.പി. സുധീര്‍ അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.