യോഗാ ദിനത്തിനൊരുങ്ങി തലസ്ഥാനജില്ല

Monday 20 June 2016 11:40 pm IST

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാനൊരുങ്ങി തലസ്ഥാനജില്ല. വിവധ കേന്ദ്രങ്ങളില്‍ നിരവധി സംഘടനകളുടെ നേതൃത്വത്തിലാണ് യോഗാദിനം ആചരിക്കുക. ഭാരതീയ വിചാര കേന്ദ്രം, ഏകലവ്യാശ്രേമം, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, പോലീസ് വകുപ്പ്, വിവിധ ആരോഗ്യ സാമൂഹ്യസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് യോഗാ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതീയ വിചാരകേന്ദ്രത്തില്‍ യോഗാദിനാഘോഷം വൈകുന്നേരം 6ന് ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിചാരകേന്ദ്രം സ്ഥാനീയസമിതി അദ്ധ്യക്ഷന്‍ ഡോ. ടി.ജി. വിനോദ്കുമാര്‍, ജില്ലാ അദ്ധ്യക്ഷന്‍ കെ.വി. രാജശേഖരന്‍, ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. ജെ. രാധാകൃഷ്ണന്‍, സ്ഥാനീയസമിതി സെക്രട്ടറി ആര്‍. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. നാഷണല്‍ അസോസിയേഷന്‍ ഓഫ് യോഗ ആന്റ് മെഡിറ്റേഷന്റെ യോഗ ദിനാചരണം തീര്‍ത്ഥപാദമണ്ഡപത്തില്‍ രാവിലെ 7ന് നടക്കും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് യോഗാദിനാചരണം ഉദ്ഘാടനം ചെയ്യും. എസ്ബിടി ജനറല്‍ മാനേജര്‍ എം. ദേവിപ്രസാദ് ചടങ്ങില്‍ പങ്കെടുക്കും. ഗവ. സെക്രട്ടേറിയറ്റിലെ യോഗദിനാചരണം ഉദ്ഘാടന സമ്മേളനം ഇന്ന് രാവിലെ 6.30ന് ദര്‍ബാര്‍ ഹാളില്‍ നടക്കും. തുടര്‍ന്ന് യോഗയും സംഘടിപ്പിക്കും. ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് ദി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ (കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം) മന്ത്രി ഇ.പി. ജയരാജന്‍ യോഗദിനം ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കും. തുടര്‍ന്ന് 400 ഓളം സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുളള യോഗ പ്രദര്‍ശനവും നടക്കും. കേരളാ പോലീസ് എല്ലാ ജില്ലകളിലും വിവിധ യൂണിറ്റുകളിലും യോഗാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കും. അന്തര്‍ദേശീയ ദിനാചരണത്തിന് ആരംഭിക്കുന്ന യോഗ മുറകള്‍ പതിവായുളള കായികാഭ്യാസത്തിന്റെ ഭാഗമാക്കി വര്‍ഷം മുഴുവന്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. യോഗ പരിപാടിയുടെ സംസ്ഥാന നോഡല്‍ ഓഫീസറായി ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജി പി നിതിന്‍ അഗര്‍വാളിനെ ചുമതലപ്പെടുത്തി. യോഗാദിനാചരണത്തിന്റെ ഭാഗമായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രാവിലെ 7.00 മുതല്‍ 8.00 വരെ നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. യോഗ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സെമിനാറുകള്‍, പരിശീലനങ്ങള്‍ തുടങ്ങിയ മറ്റ് പരിപാടികളും സംഘടിപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.