കോണ്‍ഗ്രസ് സഖ്യം: സിപിഎം കേന്ദ്രകമ്മറ്റിയംഗം രാജി വെച്ചു

Monday 20 June 2016 11:49 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ സഖ്യത്തിനു കൂട്ടുനില്‍ക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് പ്രതിഷേധിച്ച് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗം ജഗ്മതി സാങ്‌വാന്‍ രാജിവെച്ചു. ഹരിയാനയില്‍നിന്നുള്ള ഈ വനിതാ അംഗം പാര്‍ട്ടി ആദര്‍ശവും നയവും ഉപേക്ഷിച്ചുവെന്ന് രാജിപ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ പാര്‍ട്ടി ആസ്ഥാനത്ത് പൊട്ടിക്കരഞ്ഞു. മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമാണ് ജഗ്മതി. അതിനിടെ, യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നതായി വാര്‍ത്തയുണ്ട്. കേന്ദ്ര കമ്മിറ്റിയെ ലംഘിച്ച പാര്‍ട്ടി ബംഗാള്‍ ഘടകത്തിനെതിരേ നടപടിവേണമെന്ന ആവശ്യം ജനറല്‍ സെക്രട്ടറി നിരാകരിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗം ജഗ്മതിയുടെ രാജി. അത്യന്തം നാടകീയമായ മുഹൂര്‍ത്തങ്ങളാണ് കേന്ദ്രകമ്മറ്റി യോഗം നടന്ന എകെജി ഭവനില്‍ ഇന്നലെ സംഭവിച്ചത്. യോഗത്തിനിടെ പുറത്തേക്കിറങ്ങിയ ജഗ്മതി താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുകയാണെന്നും ബംഗാളില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം പാര്‍ട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും പറഞ്ഞു. ഹരിയാനയില്‍ നിന്നുള്ള നേതാക്കള്‍ അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും കേന്ദ്രകമ്മറ്റി അംഗത്വവും രാജിവെച്ചെന്ന ജഗ്മതിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയും വന്നു. ഹരിയാനയില്‍ നിന്നുള്ള ഏക കേന്ദ്രകമ്മറ്റിയംഗമായ ജഗ്മതിയുടെ ഭര്‍ത്താവ് ഇന്ദര്‍ജിത് സിങ് മുന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ്. കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം പാര്‍ട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്രകമ്മറ്റി ഔദ്യോഗികമായി രേഖപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ജഗ്മതി രാജിവെച്ചത്. പരസ്യ ശാസനയ്ക്ക് പകരം നടപടിയാണ് ബംഗാള്‍ ഘടകത്തിനെതിരെ വേണമെന്നായിരുന്നു ജഗ്മതിയുടെ ആവശ്യം. ബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് ബന്ധത്തിനെതിരെ കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ജഗ്മതിയടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളെ രംഗത്തിറക്കിയത്. എന്നാല്‍ കേരളാ-ബംഗാള്‍ ഘടകങ്ങള്‍ ഇതിനിടെ ധാരണയിലെത്തിയതോടെ ജഗ്മതിയടക്കമുള്ളവര്‍ പരിഹാസ്യരായി. കേന്ദ്രകമ്മറ്റിയില്‍ നിന്നുള്ള ജഗ്മതിയുടെ രാജി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കേന്ദ്രനേതൃത്വത്തിനും വലിയ നാണക്കേടായി മാറി. പാര്‍ട്ടിയില്‍ നിന്നുള്ള ജഗ്മതിയുടെ രാജി അപ്രതീക്ഷിതമായിരുന്നെന്ന് യെച്ചൂരി പ്രതികരിച്ചു. കേന്ദ്രകമ്മറ്റിയില്‍ ബംഗാള്‍ സഖ്യത്തിന് പിന്തുണ നല്‍കിയ യെച്ചൂരി ജനറല്‍ സെക്രട്ടറി പദവിയൊഴിയണമെന്ന ആവശ്യവുമുയര്‍ന്നു. 1964ല്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍ സിപിഐ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങിവന്ന 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവ് വി.എസ്. അച്യുതാനന്ദന്‍ സ്വന്തം സ്ഥാനം സംബന്ധിച്ച ആശങ്കകള്‍ മാത്രം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി പങ്കുവെച്ച് മടങ്ങി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.