ബസും ലോറിയും കൂട്ടിയിടിച്ച് നാല്‍പതിലധികം പേര്‍ക്ക് പരിക്ക്

Tuesday 21 June 2016 11:02 am IST

ktr accident

കൊട്ടാരക്കര: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും എയ്‌സര്‍ ലോറിയും കൂട്ടിയിടിച്ച് നാല്‍പതിലധികം പേര്‍ക്ക് പരിക്ക്. ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസും ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇരുമ്പുപൈപ്പുകളുമായി പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ടെയാണ് അപകടം.
കരിക്കത്തിനും സദാനന്ദപുരത്തിനുമിടയില്‍ എംസി റോഡില്‍ കൊട്ടാരക്കരയില്‍ നിന്നും ആയൂരിലേയ്ക്ക് പോയ കെഎസ്ആര്‍ടിസിയുടെ മറ്റൊരു ബസ് ആളിനെ ഇറക്കവെ അതിനെ മറികടന്ന് അമിതവേഗതയിലെത്തിയ എയ്‌സര്‍ ലോറി എതിര്‍ദിശയില്‍നിന്നും വന്ന ഫാസ്റ്റ്പാസഞ്ചര്‍ ബസില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ് ഡ്രൈവര്‍ നോര്‍ത്ത് പരവൂര്‍ നീലിക്കോട് കൊടുവഴങ്ങ പീച്ചിലിക്കാട് വീട്ടില്‍ ബിജു(42)വിനെ ഏറെ പണിപ്പെട്ടാണ് ബസ്സില്‍ നിന്നും പുറത്തെടുത്തത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. മാറനാട് പോസ്റ്റോഫീസിലെ ജീവനക്കാരി അണ്ടൂര്‍ നാരായണവിലാസത്തില്‍ രമണിക്കൂട്ടിയമ്മ(62) യുടെ പരിക്ക് ഗുരുതരമാണ്. ലോറി ഡ്രൈവര്‍ ആലപ്പുഴ, പാതിരപ്പള്ളി കാരയ്ക്കാട്ട് വീട്ടില്‍ ജോണി(31) നെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കും ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്.
രാവിലെയായിരുന്നതുകൊണ്ട് പരിക്കേറ്റവരിലധികവും ജീവനക്കാരാണ്. ബസിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് അധികവും പരിക്കേറ്റത്. പരിക്കേറ്റ മറ്റുള്ളവര്‍: ബസ് കണ്ടക്ടര്‍ പാലോട് തടത്തിലഴികത്ത് വീട്ടില്‍ ജസ്റ്റസ്(31), യാത്രക്കാരായ അബിമോള്‍(38) നിലമേല്‍, അജിത(42) കൊട്ടാരക്കര, അശ്വതി(30) മടവൂര്‍, ഡേവിഡ്(52) പാലോട്, ദീപ(30) വെഞ്ഞാറമൂട്, ദീപ(37) കിളിമാനൂര്‍, ഗോപാലകൃഷ്ണപിള്ള(70) അഞ്ചല്‍, ജിഷാരാജു(19) പന്തളം, എം.എസ്. രവി(63) വാക്കനാട്, മണികണ്ഠന്‍(43) ചടയമംഗലം, നയനന്‍(48) ആയൂര്‍, റഷീദ്(55) ചിതറ, രേഖ(41) ഉമ്മന്നൂര്‍, രത്‌നമ്മ(65) വാളകം, സന്തോഷ്(37) ഇടുക്കി, സതീശന്‍(37) പുനലൂര്‍, സവിത(33) തലവൂര്‍, സിന്ധു(43) പുനലൂര്‍, സിന്ധു ഡാനിക്കുട്ടി(33) വാളകം, സിന്ധു(33) വെളിയം, സിന്ധു(27) കടയ്ക്കല്‍, സുഹാന(27) ആയൂര്‍, സ്വപ്‌ന(38) ചടയമംഗലം, തങ്കമണി(39) വാളകം, ഉഷ(45) അണ്ടൂര്‍, ഉഷാകുമാരി(50) അഞ്ചല്‍, മുരളി(48) തിരുവനന്തപുരം, ശ്രീജ പ്രശാന്ത്(28) പൊലിക്കോട്, ജയകൃഷ്ണന്‍(48) കിളിമാനൂര്‍, ബിജു(35) എന്നിവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ഏറെനേരം എംസി റോഡില്‍ ഏറെനേരം ഗതാഗത തടസവുമുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.