നാദാപുരംമേഖലയില്‍ മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും പടരുന്നു; നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്

Tuesday 21 June 2016 1:23 pm IST

നാദാപുരം: നാദാപുരം മേഖലയില്‍ പകര്‍ച്ചപ്പനിയും വയറിളക്കവും മഞ്ഞപ്പിത്തവും പടരുന്നു. നാദാപുരം, വാണിമേല്‍, ചെക്യാട്, വളയം സര്‍ക്കാര്‍ ആശുപത്രികളില്‍ നൂറുക്കണക്കിന് പേരാണ്, പനിയും, വയറിളക്കവും ബാധിച്ചു നിത്യേന ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത് . അതേസമയം രോഗം നിയന്ത്രണ വിധേയമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണത്തില്‍ മാത്രം കുറവില്ല .തൂണേരി പഞ്ചായത്തില്‍ വയറിളക്കം ബാധിച്ച് കഴിഞ്ഞ ദിവസം ഏഴു വയസുകാരി മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കാന്‍ ജില്ലാ ഭരണകൂടം ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു .കുട്ടിയുടെ മരണകാരണം 'ഷിഗെല്ലാസോണി' എന്ന രോഗാണുവാണെന്നും ഈ രോഗാണുവിന്റെ സാന്നിധ്യം തൂണേരി, ഭാഗത്ത് കണ്ടെത്തിയതായും നാദാപുരം ഗവണ്മെന്റ് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഗീതാ ഗുരുദാസ് പറഞ്ഞു. ജില്ലയില്‍ 11 പേര്‍ക്ക് മലമ്പനിയും, 105 പേര്‍ക്ക് മഞ്ഞപ്പിത്തവും, 9 പേര്‍ക്ക് എലിപ്പനിയും, 84 ഡെങ്കിപ്പനിയും കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു . സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ ശുചിത്വം പാലിക്കണമെന്നും, ഹോട്ടലുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൂടിവെയ്ക്കണമെന്നും ,തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ ബോധവത്കരണം നടത്തി വരുന്നതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.അതേസമയം നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഉടന്‍ തന്നെ ഡോക്ടര്‍മാരുടെ കുറവ് നികത്തുമെന്ന് എംഎല്‍എ ഇ.കെ. വിജയന്‍ പറഞ്ഞു. പിഎസ്‌സി വഴി നിയമനം നടത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായും, അത്യാഹിതവിഭാഗത്തില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.